തിരുവനന്തപുരം: സംസ്ഥാനത്ത് രോഗപകര്‍ച്ചയും പകര്‍ച്ചവ്യാധി മരണങ്ങളും കൂടിയതായി റിപ്പോർട്ട്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം എട്ടുമാസത്തിനിടെ 193 പേര്‍ക്കാണ് പകര്‍ച്ചവ്യാധികളില്‍ ജീവന്‍ നഷ്ടമായത്. 19 ലക്ഷത്തിലധികം ആളുകള്‍ക്ക് പകച്ചപ്പനി പിടിപെട്ടു. ഡെങ്കി, എലിപ്പനി, വയറിളക്ക രോഗങ്ങള്‍, ചിക്കുന്‍ ഗുനിയ എന്നിവയാണ് ഭീഷണി ഉയര്‍ത്തുന്നത്. ആരോഗ്യവകുപ്പ് ജനങ്ങൾക്ക് ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

196355 പേ‍ര്‍ക്ക് പകര്‍ച്ചപ്പനി ബാധിച്ചതില്‍ 16 പേര്‍ മരിച്ചു. 5638 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതില്‍ 41 പേരാണ് മരിച്ചത്. എലിപ്പനി ബാധിച്ച 1215 പേരില്‍ 79 പേരും മരിച്ചു. ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടേയും പകരുന്ന മഞ്ഞപ്പിത്ത രോഗങ്ങള്‍ ബാധിച്ചവരുടെ എണ്ണം 1059 ആണ്. 15 മരിച്ചു. വയറിളക്ക രോഗങ്ങളാല്‍ വലഞ്ഞത് 384179 പേരാണ്. മരണം 12 ഉം. ചെള്ളുപനി ബാധിച്ച 521പേരില്‍ നാലു പേര്‍ക്കും ജീവന്‍ നഷ്ടമായി. ജലജന്യരോഗങ്ങള്‍ ജീവനെടുത്ത് പടരുകയാണെന്ന് ചുരുക്കം.

തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, കോട്ടയം, പത്തനംതിട്ട, തൃശൂര്‍ എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി ബാധ കൂടുതല്‍ . തിരുവനന്തപുരത്ത് എലിപ്പനിയും കൂടുതലായുണ്ട് . വെള്ളം ശേഖരിച്ച് സൂക്ഷിക്കുന്നതും മ‍ഴവെള്ളം കെട്ടികിടക്കാനുള്ള സാഹചര്യവും ഡെങ്കി, ചിക്കുന്‍ഗുനിയ രോഗവാഹകരായ ഈഡിസ് കൊതുകുകളുടെ സാന്ദ്രത കൂട്ടി. വൃത്തിയില്ലാത്ത ഭക്ഷണത്തിലൂടെയും ശുചിത്വമില്ലായ്മയിലൂടെയും മറ്റ് ജലജന്യരോഗങ്ങളും പടര്‍ന്നു. ഇടക്കിടെയുള്ള വേനല്‍ മഴയും കടുത്ത ചൂടും. പകര്‍ച്ചപ്പനികള്‍ക്ക് ആക്കം കൂട്ടുന്ന കാലാവസ്ഥ. മാലിന്യ നീക്കം മുടങ്ങിയതോടെ വേനല്‍മഴയില്‍ മാലിന്യങ്ങളെല്ലാം അഴുകിത്തുടങ്ങി.

ചീഞ്ഞളിഞ്ഞ മാലിന്യക്കൂമ്പാരങ്ങളില്‍ എലികള്‍ പെറ്റുപെരുകി. എലിപ്പനി, ചെള്ളുപനി ബാധിതരുടെ എണ്ണവും കൂടി. വ്യക്തി പരിസര ശുചിത്വം പാലിക്കുന്നതിലൂടെ രോഗ പ്രതിരോധം ഒരു പരിധി വരെ സാധ്യമാണ്. ഇതിനായി ആ‍ഴ്ചയിലൊരിക്കല്‍ ഡ്രൈ ഡേ ആചരിക്കണമെന്ന നിര്‍ദേശമുണ്ട്. വൃത്തിയില്ലാത്ത ചുറ്റുപാടുകളിലുണ്ടാക്കുന്ന ഭക്ഷണം ഒ‍ഴിവാക്കണം.

പനി പിടിപെട്ടാല്‍ സ്വയം ചികില്‍സയ്ക്ക് മുതിരാതെ വിദഗ്ധ ചികില്‍സ തേടണം . ആവശ്യമായ വിശ്രമമെടുക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു . പ്രതിരോധം കൈവിട്ടാല്‍ ജലജന്യരോഗങ്ങളും വൈറസ് രോഗങ്ങളും ആരോഗ്യകേരളത്തെ തളര്‍ത്തുമെന്നാണ് മുന്നറിയിപ്പ്.