പ്രളയബാധിത മേഖലകളിൽ നിര്‍മ്മാണ നിരോധനം തുടരുന്നു . ജിയോളജിക്കൽ സർവ്വേ  ഓഫ് ഇന്ത്യ ഇതുവരെ സർവ്വെ പൂര്‍ത്തിയാക്കിയില്ല . താമസ യോഗ്യമായ സ്ഥലങ്ങളെക്കുറിച്ച്  വ്യക്തതയായില്ല . 

തിരുവനന്തപുരം: പ്രളയബാധിത മേഖലകളിൽ നിര്‍മ്മാണ നിരോധനം തുടരുന്ന സാഹചര്യത്തില്‍, പുനരധിവാസം അനിശ്ചിതത്വത്തിലാണ്. പ്രളയമുണ്ടായി നാല് മാസമായിട്ടും ഉരുള്‍ പൊട്ടലുണ്ടായ പ്രദേശങ്ങളില്‍ നിര്‍മാണ നിരോധനം തുടരുകയാണ്. പുനരവധിവാസ യോഗ്യത സംബന്ധിച്ച് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സര്‍വേ പൂര്‍ത്തിയാവാത്തതാണ് പ്രശ്നം. ദുരന്തമേഖലയിൽ നിന്ന് 800 കുടുംബത്തെ എങ്കിലും മാറ്റി പാര്‍പ്പിക്കണമെന്നാണ് ജിയോളജിക്കൽ സര്‍വ്വെ ഓഫ് ഇന്ത്യയുടെ പ്രാഥമിക കണക്ക്.

ഇക്കഴിഞ്ഞ പ്രളയത്തിൽ സംസ്ഥാനത്ത് 825 പേർക്കാണ് ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും വീടും സ്ഥലവും നഷ്ടമായത്. ഇടുക്കിയിലാണ് ഏറ്റവുമധികം വീട് ഉരുൾ പൊട്ടലിൽ തകർന്നത് (278), വയനാട്ടിൽ തകർന്നത് 131 വീടുകൾ. ദുരന്തമുണ്ടായ മേഖലകളില്‍ ഇനി പുനരധിവാസം സാധ്യമാണോ, ദുരന്ത സാധ്യതയുളള പ്രദേശങ്ങള്‍ ഏതെല്ലാം തുടങ്ങിയ കാര്യങ്ങളാണ് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ വിധഗ്ധര്‍ പരിശോധിക്കുന്നത്. 

ഉരുള്‍ പൊട്ടലുണ്ടായതും ഉരുള്‍പൊട്ടല്‍ സാധ്യതയുളളതുമായ 3500ഓളം കേന്ദ്രങ്ങളില്‍ പരിശോധന നടത്താനായുളളത് ആകെ പത്തു പേര്‍ മാത്രമാണ്. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം തുടങ്ങിയ ജില്ലകളില്‍ ഇതിനകം പരിശോധന പൂര്‍ത്തി. എന്നാല്‍, ഇടുക്കി, വയനാട് തുടങ്ങി ഏറ്റവുമധികം ഉരുള്‍ പൊട്ടലുണ്ടായ പ്രദേശങ്ങളില്‍ സര്‍വേ പൂര്‍ത്തിയാക്കാന്‍ മാസങ്ങള്‍ വേണ്ടി വരുമെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ സംഘം തന്നെ വ്യക്തമാക്കുന്നു. 

ഇതിനകം പരിശോധന പൂര്‍ത്തിയാക്കിയ പ്രദേശങ്ങളില്‍ താമസിക്കാന്‍ യോഗ്യമല്ലാത്ത പ്രദേശങ്ങളും ഉപാധികളോടെ താമസിക്കാവുന്ന പ്രദേശങ്ങളുമുണ്ട്. ഇക്കാര്യങ്ങള്‍ പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാനായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നാലംഗ സമിതിയെ നിയോഗിച്ചെങ്കിലും മറ്റു നടപടികള്‍ പൂര്‍ത്തിയായിട്ടില്ല.

ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പരിശോധന പൂര്‍ത്തിയാവാത്തതിനാല്‍ തന്നെ ചീഫ് സെക്രട്ടറി ഇറക്കിയ നിരോധന ഉത്തരവ് ഉരുള്‍ പൊട്ടല്‍ മേഖലകളിലെല്ലാം നിലനില്‍ക്കുകയാണ്. പേരാവൂര്‍ എംഎല്‍എ സണ്ണി ജോസഫ് പ്രശ്നം നിയമസഭയില്‍ ഉന്നയിച്ചു. തുടര്‍ന്ന് ഒരു പ്രദേശത്തെ നിര്‍മാണ നിയന്ത്രണത്തിന് മാത്രം പഞ്ചായത്ത് ഇളവ് നല്‍കി. ഉരുള്‍പൊട്ടലുണ്ടായ മേഖലകളില്‍ നിന്ന് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ പകരം ഭൂമി കണ്ടെത്തേണ്ടതുണ്ട്. എന്നാല്‍, ഇതിനുളള നടപടികളും ഒരു ജില്ലയിലും തുടങ്ങിയിട്ടില്ല.