മീനാക്ഷിക്കായി ഒടുവില്‍ ബന്ധുക്കളെത്തി

കോഴിക്കോട്: മനോനില തെറ്റി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച ഗര്‍ഭിണിയായ യുവതിയുടെ ബന്ധുക്കളെ കണ്ടെത്തി. തമിഴ്‌നാട് ചിദംബരം സ്വദേശി മീനാക്ഷിയെയാണ് ആഭ്യന്തര വകുപ്പില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥനും സാമൂഹ്യ പ്രവര്‍ത്തകനുമായ എം ശിവന്റെ സഹായത്തോടെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അധികൃതര്‍ ബന്ധുക്കളുടെ കൈകളിലെത്തിച്ചത്. റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് അലഞ്ഞുതിരിഞ്ഞ മീനാക്ഷിയെ വനിതാ പൊലീസുകാരാണ് കഴിഞ്ഞ ഫെബ്രുവരി പന്ത്രണ്ടിന് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്.

ചികിത്സക്കിടെയാണ് മുപ്പത്തിയെട്ടുകാരിയായ മീനാക്ഷി ഗര്‍ഭിണിയാണന്ന വിവരം ആശുപത്രി അധികൃതരും അറിഞ്ഞത്. തുടര്‍ന്നാണ് ബന്ധുക്കളെ തേടാന്‍ ആരംഭിച്ചതും. ശിവന്‍റെ നേതൃത്വത്തില്‍ ഇതിനായി ശ്രമമാരംഭിച്ചതോടെയാണ് തമിഴ്‌നാട് ചിദംബരം സ്വദേശിയാണന്നു അറിഞ്ഞത്. തുടര്‍ന്ന് തമിഴ്‌നാട് പൊലീസ് ഹെഡ് ക്വോട്ടേഴ്‌സുമായി ബന്ധപ്പെട്ട ശിവന്‍ യുവതിയെ കുറിച്ചുള്ള വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ അണ്ണാമലൈ യൂണിവേഴ്‌സിറ്റിക്കു സമീപമുള്ള മീനാക്ഷിയുടെ വീട്ടുകാരെയും ബന്ധുക്കളെയും കണ്ടെത്തികയായിരുന്നു. 

എന്നാല്‍ തളര്‍ന്നു കിടപ്പിലായ മാതാപിതാക്കള്‍ കോഴിക്കോട് നിന്നും മകളെ തിരിച്ചു കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യവും വെളിപ്പെടുത്തി. ഒടുവില്‍ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം അധികൃതര്‍ വന്നു പോകാനുള്ള ധനസഹായം നല്‍കാമെന്ന് അറിയിച്ചതോടെ അച്ഛന്‍റെ സഹോദരന്‍ പനീര്‍ശെല്‍വം കോഴിക്കോടെത്തി ഇന്നലെ ഉച്ചയ്ക്ക് മീനാക്ഷിയുമായി സേലത്തേക്ക് മടങ്ങി. മാനസികവെല്ലുവിളി നേരിട്ടതിനു തുടര്‍ന്ന് ഒരിക്കല്‍ ഡല്‍ഹിയില്‍ എത്തിപ്പെട്ട ഇവരെ അധികൃതര്‍ നാട്ടിലെത്തിക്കുകയായിരുന്നു. ഇതിനിടെയാണ് വീണ്ടും കാണാതാവുന്നത്. ഏഴു മാസം ഗര്‍ഭിണിയായ ഇവര്‍ക്ക് മരുന്നും പണവും തുടര്‍ ചികിത്സക്കുള്ള നിര്‍ദ്ദേശവും നല്‍കിയാണ് ബന്ധുവിനോടപ്പെ ആശുപത്രി അധികൃതര്‍ മടക്കി അയച്ചത്.