കോടതി നിര്‍ദേശിച്ച പ്രകാരം പരിശോധനയ്ക്കായി പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് നാടകീയമായ സംഭവങ്ങള്‍ നടന്നത്. പൊലീസ് വാനില്‍ യാത്ര ചെയ്യവേ ഇരുപത്തഞ്ചോളം പേരടങ്ങിയ സംഘം വാഹനം തടഞ്ഞു 

മുസാഫര്‍നഗര്‍: വീട്ടുകാരുടെ അനിഷ്ടം വകവയ്ക്കാതെ വിവാഹിതയായ പെണ്‍കുട്ടിക്കെതിരെ ബന്ധുക്കളുടെ അപ്രതീക്ഷിത നീക്കം. ഒരു മാസം മുമ്പ് വിവാഹിതരായ ദമ്പതികള്‍ പരാതിയുമായി കോടതിയെ സമീപിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. 

ആരുടെയും സമ്മതമില്ലാതെ വിവാഹം കഴിച്ചതിന് തൊട്ടുപിന്നാലെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്ന് കാണിച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത് ഏറെ തര്‍ക്കങ്ങള്‍ക്കിടയാക്കിയിരുന്നു. 

ഇതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയും ഭര്‍ത്താവും അലഹാബാദ് ഹൈക്കോടതിയെ സമീപിച്ചത്. ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷ അനുവദിക്കണമെന്നുമായിരുന്നു ആവശ്യം. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വയസ്സ് വൈദ്യപരിശോധനയിലൂടെ ഉറപ്പിക്കാന്‍ കോടതി പൊലീസിനോട് നിര്‍ദേശിച്ചു.

കോടതി നിര്‍ദേശിച്ച പ്രകാരം പരിശോധനയ്ക്കായി പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് നാടകീയമായ സംഭവങ്ങള്‍ നടന്നത്. പൊലീസ് വാനില്‍ യാത്ര ചെയ്യവേ ഇരുപത്തഞ്ചോളം പേരടങ്ങിയ സംഘം വാഹനം തടഞ്ഞു. പെണ്‍കുട്ടിയുടെ ബന്ധുക്കളായിരുന്നു അത്. വലിയ സംഘത്തിന്റെ ആക്രമണത്തെ വാനിലുണ്ടായിരുന്ന പൊലീസുകാര്‍ക്ക് ചെറുക്കാനായില്ല. വാനില്‍ നിന്ന് പിടിച്ചിറക്കിയ പെണ്‍കുട്ടിയെ ഇവര്‍ മറ്റൊരു വാഹനത്തില്‍ കയറ്റി കൊണ്ടുപോയി. 

വൈകാതെ തന്നെ പൊലീസ് പെണ്‍കുട്ടിയെയും തട്ടിക്കൊണ്ടുപോയ ബന്ധുക്കളെയും കണ്ടെത്തി. പെണ്‍കുട്ടിയുടെ അമ്മയുള്‍പ്പെടെ ഇരുപത്തിയഞ്ചോളം പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തോടെ പെണ്‍കുട്ടിക്കും ഭര്‍ത്താവിനും കൂടുതല്‍ സുരക്ഷ ഒരുക്കിയിട്ടുണ്ട്.