കാവി വസ്ത്രം ധരിച്ചാല്‍ ബാബ ആകില്ല അത് സ്വഭാവ ഗുണമാണെന്നും ബാബ രാംദേവ് പറഞ്ഞു

ദില്ലി: നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ആള്‍ ദൈവങ്ങളെ തൂക്കിക്കൊല്ലണമെന്ന് യോഗ ഗുരു ബാബാ രാംദേവ്. ''തങ്ങളുടെ അതിര്‍ വരമ്പുകള്‍ ലംഘിക്കുന്നവര്‍ ആരായാലും അത്തരം ആള്‍ ദൈവങ്ങളെ ജയിലിലടയ്ക്കുക മാത്രമല്ല വേണ്ടത്, മരണം വരെ തൂക്കിലേറ്റണം. അതില്‍ യാതൊരു ദാക്ഷിണ്യവും കാട്ടേണ്ടതില്ല'' - രാംദേവ് പറഞ്ഞു. 

കാവി വസ്ത്രമല്ല മതമേലധ്യക്ഷനാകാനുള്ള ഘടകം. എല്ലാ മേഖലയ്ക്കും അതിന്‍റേതായ അതിരുകളുണ്ട്. എല്ലാ ജോലിക്കും തിന്‍റേതായ പെരുമാറ്റ ചട്ടമുണ്ട്. സന്യാസികള്‍ക്കും ഇത് ബാധകമാണ്. കാവി വസ്ത്രം ധരിച്ചാല്‍ ബാബ ആകില്ല. അത് സ്വഭാവ ഗുണമാണെന്നും ബാബ രാംദേവ് പറഞ്ഞു. ആസാറാം ബാപ്പുവിന് പിന്നാലെ മറ്റൊരു ആള്‍ദൈവത്തിനെതിരെയും പീഡന കേസ് എടുത്തതിനെ തുടര്‍ന്നാണ് രാംദേവിന്‍റെ പ്രതികരണം. ദാതി മഹാരാജ് എന്ന ആള്‍ദൈവത്തിനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.