കോഴിക്കോട് ജില്ലയിലെ മാറാട് കടപ്പുറം ഇന്ന് ശാന്തമാണ്. പുറമേ പറയത്തക്ക പ്രശ്നങ്ങളൊന്നുമില്ലെങ്കിലും ഇവിടെ ജീവിക്കുന്ന മല്‍സ്യത്തൊഴിലാളികള്‍ക്ക് ആശങ്കയുണ്ട്. ചിലര്‍ ചെയ്ത വിവരമില്ലായ്മയാണ് മാറാട് കലാപത്തിന് കാരണമെന്ന് പറയാന്‍ രമണനും അംജിത്തിനും ഒട്ടും മടിയില്ല.

ആരുടേയൊക്കെയോ രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ് മാറാട് കലാപം ഉണ്ടായതെന്ന് ഇവര്‍ തിരിച്ചറിയുന്നു. ഇതു തന്നെയാണ് പൂന്തുറയിലും സംഘര്‍ഷങ്ങളുണ്ടാവുന്ന മറ്റ് തീരങ്ങളിലെയും സ്ഥിതി. മല്‍സ്യത്തൊഴിലാളികള്‍ തമ്മില്‍ ഒരു പ്രശ്നവുമില്ല. അവര്‍ നല്ല സൗഹൃദത്തോടെ കടലില്‍ പോകുന്നു. തിരിച്ച് വന്നാല്‍ ഒന്നിച്ചിരുന്ന് വല നന്നാക്കുന്നു, വിനോദങ്ങളിലേര്‍പ്പെടുന്നു. പക്ഷേ ഇവരുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയെ ചിലര്‍ മുതലെടുക്കുകയാണ്. വര്‍ഗ്ഗീയ സ്വഭാവമുള്ള സംഘടനകളാണ് ഇതിന് പിറകില്‍. 

കേരളത്തിലെ തീരങ്ങള്‍ എന്നും ഇത്തരം സംഘടനകളുടെ നിയന്ത്രണത്തിലാണ്. അപൂര്‍വ്വം ചിലയിടങ്ങളില്‍ മാത്രമാണ് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സ്വാധീനമുള്ളത്. മറ്റ് തീരങ്ങളിലെല്ലാം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം മാത്രമായി രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനം മാറുന്നു. ഇത്തരം വര്‍ഗ്ഗീയ സംഘടനകള്‍ മല്‍സ്യത്തൊഴിലാളികളുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയെയാണ് ചൂഷണം ചെയ്യുന്നത്. 

അനാചാരങ്ങളും അന്ധവിശ്വാസങ്ങളും മുറുകെ പിടിക്കാന്‍ ഇവര്‍ പ്രോത്സാഹനം നല്‍കുന്നു. അന്ധവിശ്വാസം നിലനിര്‍ത്തി സ്പര്‍ദ്ധയുണ്ടാക്കുകയാണ് ലക്ഷ്യം. പക്ഷേ ചിലപ്പോഴെങ്കിലും ചില മല്‍സ്യത്തൊഴിലാളികള്‍ ഇവരുടെ തന്ത്രത്തില്‍ വീണുപോകുന്നു. തീരപ്രദേശത്തെ പ്രത്യേകം ലക്ഷ്യം വച്ചാണ് വര്‍ഗ്ഗീയ സംഘടനകളുടെ പ്രവര്‍ത്തനം. പരസ്പരമുള്ള മല്‍സരം കൂട്ടിയും കള്ളക്കഥകള്‍ പ്രചരിപ്പിച്ചും ഇവര്‍ മല്‍സ്യത്തൊഴിലാളികള്‍ക്കിടയില്‍ വിഭാഗീയ ചിന്ത വളര്‍ത്താന്‍ ശ്രമിക്കുകയാണ്.