വിപ്ലവത്തിന്‍റെ മിന്നല്‍പ്പിണരെന്നാൽ ലോകത്തിന് ചെഗുവേരയാണ്. അര്‍ജന്‍റീനയില്‍ ജനിച്ച് ക്യൂബയെ വിമോചിപ്പിച്ച്, കോംഗോയിലും പരാഗ്വയിലും ബൊളീവിയയിലും സമത്വം സ്വപ്നം കണ്ട വിപ്ലവകാരി. ചെയുടെ ഓർമ്മകൾക്ക് ഇന്ന് അൻപതാണ്ട് തികയുകയാണ്.

1967 ഓക്ടോബർ 9 നാണ് ലാ ഹിഗ്വേരയിലെ രണ്ട് മുറി സ്കൂൾ കെട്ടടത്തില്‍ ഏണസ്റ്റോ ഗുവേര ദെ ലാ സെർനയെ ബൊളീവിയൻ സൈന്യം എത്തിച്ചത്. അതേ ദിവസം 12.30 ന് ഫീലീക്സ് റോഡ്രിഗസ് എന്നെ സിഐഎ ഏജന്‍റ് ചെയെ കണ്ട് ആ മുറിയിൽ നിന്ന് മടങ്ങി. അധികം താമസിച്ചില്ല. മരിയോ ടെറാൻ എന്ന സെർജന്‍റിന്‍റെ തോക്ക് ഒൻപതു തവണ വെടി ഉതിർത്തു.

മരണവേദനയിലും കരച്ചിൽ പുറത്തുവരാതിരിക്കാൻ ചെ സ്വന്തം കൈ കടിച്ചു പിടിച്ചുവത്രെ. വലെഗ്രാൻഡെ ആശുപത്രിയിലെ തണുത്ത ഗ്രൈനൈറ്റ് തറയിൽ മരവിച്ചു കിടക്കുമ്പോഴും ആ കണ്ണുകൾ തുറന്നു തന്നെ ഇരുന്നു. എന്നാല്‍ ചെയെ ഇല്ലാതാക്കിയവർക്ക് നശിപ്പിക്കാൻ കഴിയാതെ പോയ ഒന്നുണ്ട് . ചെ ലോകത്തിന് പകര്‍ന്നു നല്‍കിയ വിപ്ലവാവേശം. മനുഷ്യനിലെ സ്വാതന്ത്ര്യ ബോധത്തിന്‍റെ അപരനാമമാണ് വർഷങ്ങൾക്കിപ്പറവും ചെഗുവര.