പി.കെ. ശശിയ്ക്ക് എതിരായ ലൈംഗികപീഡന പരാതി സമ്മേളനത്തില്‍ ചർച്ച ചെയ്യുന്നത് രണ്ട് തവണ മാറ്റി വെപ്പിച്ചിരുന്നു. പൊതുചര്‍ച്ചയില്‍ പാലക്കാട്, ആലപ്പുഴ പ്രതിനിധികളോട് ഈ വിഷയം ഉന്നയിക്കരുതെന്നായിരുന്നു നിര്‍ദ്ദേശം

കോഴിക്കോട്: പി.കെ ശശിക്കെതിരായ വനിതാ നേതാവിന്‍റെ പരാതിയില്‍ എന്ത് നടപടിയുണ്ടായെന്ന് ഡിവൈഎഫ്ഐ സമ്മേളനത്തില്‍ പ്രതിനിധികളുടെ ചോദ്യം. പാലക്കാട്, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള പ്രതിനിധികളാണ് കോഴിക്കോട്ട് നടക്കുന്ന സമ്മേളനത്തില്‍ വിഷയം ഉന്നയിച്ചത്. 

Add Asianetnews as a Preferred SourcegooglePreferred

സമ്മേളനത്തില്‍ പി.കെ. ശശി വിഷയം ഉന്നയിക്കുന്നത് രണ്ട് തവണ മാറ്റി വെപ്പിച്ചിരുന്നു. പാലക്കാട്, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള പ്രതിനിധികളോട് പൊതുചര്‍ച്ചയില്‍ ഈ വിഷയമുള്‍പ്പെടുത്തേണ്ടെന്നായിരുന്നു നിര്‍ദ്ദേശം. എംഎൽഎക്കെതിരെ പരാതി കൊടുത്ത വനിതാ നേതാവും പങ്കെടുക്കുന്ന സമ്മേളനത്തില്‍ വിഷയം ചർച്ചയ്ക്ക് വരുന്നത് തിരിച്ചടിയാകുമെന്നാണ് സംസ്ഥാന നേതൃത്വം കരുതുന്നത്. വനിതാ നേതാവിനെ പിന്തുണക്കുന്ന പാലക്കാട് നിന്നുള്ള ചില പ്രതിനിധികളോട് വിഷയം ഉന്നയിക്കരുതെന്ന് നേതൃത്വം ആവശ്യപ്പെട്ടിരുന്നു എന്നാണ് സൂചന.

ഇന്നലെ രാത്രിയും ഇന്നു കാലത്തും പ്രശ്നം ഉന്നയിക്കാന്‍ ശ്രമിച്ചവരോട് പിന്നീടാകാം എന്ന് സംസ്ഥാന സെക്രട്ടറി എം.സ്വരാജ് തന്നെയാണ് നിര്‍ദ്ദേശിച്ചത്. പാലക്കാട് സമ്മേളനത്തിലും സ്വരാജ് ഈ നിലപാട് സ്വീകരിച്ചിരുന്നു. പി.കെ. ശശി വിഷയം സമ്മേളനത്തിൽ ചർച്ചയാകില്ലേ എന്നു ചോദിച്ച വനിതാ മാധ്യമപ്രവർത്തകയോട് പ്രസിഡന്‍റ് എ.എൻ. ഷംസീർ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.