ദില്ലി: രാജ്യത്ത് 95 ശതമാനം പേരും ഏകസിവില്‍കോഡിനെ പിന്തുണയ്‌ക്കുന്നുവെന്ന് റിപ്പബ്ലിക് ചാനല്‍ സര്‍വ്വേഫലം. അര്‍ണാബ് ഗോസ്വാമി നയിക്കുന്ന റിപ്പബ്ലിക് ചാനലും പ്രമുഖ സര്‍വ്വേ പഠനഗ്രൂപ്പായ സീവോട്ടറും ചേര്‍ന്ന് നടത്തിയ സര്‍വ്വേഫലത്തിലാണ് ഇക്കാര്യം പറയുന്നത്. സര്‍വ്വേയില്‍ പങ്കെടുത്ത 95 ശതമാനം പേരും ഏകസിവില്‍കോഡ് വേണമെന്ന് അഭിപ്രായപ്പെട്ടു. മതവ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഒരേനിയമം എന്നതാണ് ഏകസിവില്‍കോഡ് മുന്നോട്ടുവെയ്‌ക്കുന്നത്. അതേസമയം രാജ്യത്ത് തീവ്രഹിന്ദുത്വ നിലപാടുകള്‍ നിയന്ത്രിക്കുന്നതില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ വിജയിച്ചുവെന്ന് സര്‍വ്വേഫലം. അറുപത് ശതമാനത്തോളം പേര്‍ തീവ്രഹൈന്ദവത നിയന്ത്രിക്കുന്നതില്‍ മോദി സര്‍ക്കാര്‍ വിജയിച്ചുവെന്ന് അഭിപ്രായപ്പെട്ടപ്പോള്‍, 30 ശതമാനം പേര്‍ മാത്രമാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പരാജയമാണെന്ന അഭിപ്രായം രേഖപ്പെടുത്തിയത്. 10 ശതമാനം പേര്‍ അഭിപ്രായം രേഖപ്പെടുത്തിയില്ല. മുത്തലാഖ് നിയമപരമായി നിരോധിക്കണമെന്ന് 73 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് നയിച്ച യുപിഎ സര്‍ക്കാരിനേക്കാള്‍ മെച്ചപ്പെട്ട പ്രകടനമാണ് നരേന്ദ്രമോദി സര്‍ക്കാര്‍ നടത്തുന്നതെന്ന് 81 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. നരേന്ദ്രമോദി സര്‍ക്കാര്‍ മൂന്നു വര്‍ഷം പിന്നിടുന്ന സാഹചര്യത്തിലാണ് റിപ്പബ്ലിക് ചാനല്‍ സീ വോട്ടറുമായി ചേര്‍ന്ന് സര്‍വ്വേ നടത്തിയത്.