മാൻ‌പവർ അതോറിറ്റി, പ്രമുഖ വ്യാപാര കേന്ദ്രങ്ങളുടെ പ്രതിനിധികൾ എന്നിവരുടെ യോഗത്തിലാണ് വിദേശികളുടെ പ്രായം നിജപ്പെടുത്തുന്നത് സംബന്ധിച്ച അഭിപ്രായം ഉയർന്നത്. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ കഴിയുന്ന അറുപത്തിയഞ്ചു വയസ്സുകഴിഞ്ഞ വിദേശികള്‍ക്ക് ഇഖാമ അഥവാ താമസാനുമതി പുതുക്കി നല്‍കേണ്ടതില്ലെന്നാണ് നിര്‍ദ്ദേശം. ചേംബർ ഓഫ് കൊമേഴ്സ്, മാൻ‌പവർ അതോറിറ്റി, പ്രമുഖ വ്യാപാര കേന്ദ്രങ്ങളുടെ പ്രതിനിധികൾ എന്നിവരുടെ യോഗത്തിലാണ് വിദേശികളുടെ പ്രായം നിജപ്പെടുത്തുന്നത് സംബന്ധിച്ച അഭിപ്രായം ഉയർന്നത്. 

നിര്‍ദ്ദേശം ആസൂത്രണ വിഭാഗത്തിലെ നയരൂപീകരണ സമിതിയുടെ പഠനത്തിന് വിട്ടതായി സാമൂഹിക തൊഴില്‍ മന്ത്രി ഹിന്ദ് അൽ സബീഹ് അറിയിച്ചു. അതിനിടെ വിദേശികളുടെ ഇഖാമ പുതുക്കുന്നതിനുള്ള പ്രായനിർണയത്തെ ചൊല്ലി എം‌പിമാർക്കിടയിൽ ഭിന്നാഭിപ്രായവും ഉയർന്നു. പ്രായ പരിധി നിയന്ത്രിക്കുന്നതിലൂടെ കുവൈത്ത് സമൂഹത്തിൽ വിവിധ തലങ്ങളിൽ വിദേശികൾ ആധിപത്യം നടത്തുന്നത് തടയാൻ സാധിക്കുമെന്നാണ് ഭൂരിപക്ഷ അഭിപ്രായം. 

പ്രായക്കൂടുതലുള്ളവരെ ഒഴിവാക്കുകവഴി തൊഴിൽ വിപണിയിൽ ഒരു പ്രത്യാഘാതവും ഉണ്ടാകില്ലെന്നും അവര്‍ പറയുന്നു. സ്വദേശികളെ പരിശീലിപ്പിക്കാൻ ഒരു വിദേശിയും അവരുടെ പരിചയസമ്പത്ത് ഉപയോഗിക്കാറില്ല. പകരം ഇവിടെ ലഭിക്കുന്ന മികച്ച ശമ്പളവും മെച്ചപ്പെട്ട ജീവിത സാഹചര്യവും മാത്രമാണ് വിദേശികളുടെ ലക്ഷ്യം അതുകൊണ്ട് തന്നെ പരിചയ സമ്പത്തിനെക്കുറിച്ചുള്ള വാദത്തില്‍ കഴമ്പില്ലെന്ന് പാർലമെൻ‌റിലെ റിപ്ലെയ്സ്മെൻ‌റ് സമിതി ചെയർമാൻ ഖലീൽ അൽ സാലെ പറഞ്ഞു. വിദഗ്ധ സമിതിയുടെ പഠനത്തിനുശേഷമായിരിക്കും അന്തിമ തീരുമാനം