മൂന്നാര്‍: നിരവധി കുടുംബങ്ങള്‍ക്ക് ആശ്രയമായ പൊതുവഴി സ്വകാര്യ റിസോര്‍ട്ട് ഉടമ ഇടിച്ച് നിരത്തി ഗതാഗതം തടസ്സപ്പെടുത്തി. പാതിരാത്രിയില്‍ നാട്ടുകാരും ജനപ്രിതിനിധികളും എത്തി റിസോര്‍ട്ടിലേയ്ക്കുള്ള റോഡ് ഉപരോധിച്ചു. ബൈസണ്‍വാലി പഞ്ചായത്തിലെ ഉപ്പാറിന് സമീപം പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ട് ഉടമയാണ് സമീപത്തെ വീടുകളിലേയ്ക്കുള്ള റോഡിന്റെ സംരക്ഷണ ഭിത്തിയടക്കം ഇടിച്ച് നിരത്തി ഗതാഗതം തടസ്സപ്പെടുത്തിയത്.
നിരവധി കുടുംബങ്ങള്‍ക്ക് ആശ്രയമായ കുടിയേറ്റകാലത്തോളം പഴക്കുള്ള റോഡാണ് റിസോര്‍ട്ട് ഉടമ കയ്യേറുവാന്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസ്സം വൈകുന്നേരത്തോടെയെത്തിയ റിസോര്‍ട്ട് ഉടമയും സംഘവും റോഡിന്റെ ഒരുവശത്തെ കല്ലുകൊണ്ടുള്ള കെട്ട് തകര്‍ക്കുകയും റോഡ് ഇടിച്ച് താഴ്ത്തി ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു. ഇതോടെ പ്രതിക്ഷേധവുമായി നാട്ടുകാരും രംഗത്തെത്തി.
വിവരമറിഞ്ഞെത്തിയ ജനപ്രതിനിധികള്‍ സ്ഥലത്തെത്തി റിസോര്‍ട്ട് ഉടമയുമായി ചര്‍ച്ച നടത്തിയെങ്കിലും റോഡ് ഗതാഗതയോഗ്യമാക്കുന്നതിന് ഇയാള്‍ തയ്യാറായില്ല. ഇതോട് കൂടി നാട്ടുകാരും ജനപ്രതിനിധികളും ചേര്‍ന്ന് റിസോര്‍ട്ടിന്‍റെ മുന്‍വശത്തുള്ല റോഡ് ഉപരോധിക്കുകയായിരുന്നു. ഇവിടേയ്‌ക്കെത്തിയ വാഹനങ്ങളും നാട്ടുകാര്‍ തടഞ്ഞിട്ടു. ജനങ്ങളുടെ യാത്രാ മാര്‍ഗ്ഗം തടസ്സപ്പെടുത്തിയതിന് പരിഹാരം കാണുന്നത് വരെ ശക്തമായ പ്രതിക്ഷേധവുമായി മുമ്പോട്ട് പോകുമെന്ന് ബൈസണ്‍വാലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മഞ്ചു ജിന്‍സ് പറഞ്ഞു.
കുടിയേറ്റ കാലംമുതലുള്ള റോഡാണിതെന്നും രോഗികളും പ്രായമായവരും അടക്കമുള്ളി നിരവധി ആളുകള്‍ ഇവിടെ ഉണ്ടെന്നും റോഡ് ഗതാഗതം തടസ്സപ്പെടുത്തിയിരിക്കുന്നതിനല്‍ ആശുപത്രി ആവശ്യങ്ങള്‍ക്ക് പോലും പോകുവാന്‍ കഴിയാത്ത സാഹചര്യമാണെന്നും നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ആര്‍ഡിഒയ്ക്കും ഇടുക്കി ജില്ലാകളക്ടര്‍ക്കും പഞ്ചായത്തിലും, രാജാക്കാട് പൊലീസ്സിലും പരാതി നല്‍കയിട്ടുണ്ട്. അതേസമയം റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നതിന് വേണ്ട അനുമതികള്‍ ഇല്ലാതെയാണെന്ന ആരോപണവും ഉയരുന്നണ്ട്.
