പതിനെട്ട് എം എല്‍ എമാരുടെ അയോഗ്യതകേസില്‍ വിധി വരാനിരിക്കെ, ടിടിവി ദിനകരൻ തനിക്കൊപ്പമുള്ളവരെ കുറ്റാലത്തെ റിസോർട്ടിലേക്ക് മാറ്റി. അയോഗ്യത നിലനില്‍ക്കുന്ന 18 പേർക്കൊപ്പം 4 എ ഐ എ ഡി എം കെ എം എല്‍ എമാരും റിസോർട്ടിലുണ്ട്.
ചെന്നൈ: പതിനെട്ട് എം എല്‍ എമാരുടെ അയോഗ്യതകേസില്‍ വിധി വരാനിരിക്കെ, ടിടിവി ദിനകരൻ തനിക്കൊപ്പമുള്ളവരെ കുറ്റാലത്തെ റിസോർട്ടിലേക്ക് മാറ്റി. അയോഗ്യത നിലനില്‍ക്കുന്ന 18 പേർക്കൊപ്പം 4 എ ഐ എ ഡി എം കെ എം എല്‍ എമാരും റിസോർട്ടിലുണ്ട് കള്ളക്കുറിച്ചി എം എല്‍ എ പ്രഭു, വൃദ്ധാചലം എം എല്‍ കലൈചെല്‍വൻ, അരത്താങ്കി എം എല്‍ എ രത്നസഭാപതി, തിരുവട്ടനൈ നിന്നും എ ഐ ഡി എം കെ യുടെ പിന്തുണയോടെ ജയിച്ച നടൻ കൂടിയായ കരുണാസ് എന്നിവരാണ് അയോഗ്യത നില നില്‍ക്കുന്ന 18 എം എല്‍ എമാർക്കൊപ്പമുള്ളത്.
തിരുനല്‍വേലിക്കടുത്ത് താമര പുഷ്കരചടങ്ങില്‍ പങ്കെടുത്ത ശേഷമാണ് എം എല്‍ എമാർ കുറ്റാലത്തെത്തിയത്. ബംഗലുരു ജയിലിലുള്ള ശശികലയെ സന്ദർശിച്ച ശേഷം ടിടിവി ദിനകരനും കുറ്റാലത്തെത്തും.അമ്മ മക്കള്‍ മുന്നേറ്റ കഴകത്തിന്റെ മുതിർന്ന നേതാക്കളും ഇപ്പോള്‍ തിരുനല്‍വേലിയിലെത്തിയിട്ടുണ്ട്.
മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് എം സത്യനാരായണൻ എം എല്‍ എമാരുടെ അയോഗ്യത കേസില്‍ ഈ ആഴ്ച വിധി പ്രസ്താവിക്കുമെന്ന സൂചനകള്‍ ശക്തമായിരിക്കെയാണ് പുതിയ രാഷ്ട്രീയനീക്കങ്ങള്‍..ദിനകരനൊപ്പമുള്ളവരെ തട്ടിയെടുക്കേണ്ട ആവശ്യം ഇല്ലെന്നാണ് എ ഐ എ ഡി എം കെ നേതാക്കളുടെ പ്രതികരണം.അതേസമയം, ഹൈക്കോടതി വിധി എതിരായാല്‍ സുപ്രീംകോടതിയെ സമീപിക്കാൻ ഇരുവിഭാഗവും ആലോചിക്കുന്നുണ്ട്.
