'വിമർശനങ്ങക്കുള്ള മറുപടി  നാളെ ' പ്രണബ് മുഖർജി നാഗ്പൂരിലെത്തി 

നാഗ്പൂര്‍: ആർ എസ് എസ് പരിപാടിയിൽ പങ്കെടുക്കാനായി മുൻ രാഷ്ട്രപതി പ്രണബ് മുഖർജി നാഗ്പൂരിലെത്തി. ആർ എസ് എസ് അസ്ഥാനത്ത് നാളെ നടക്കുന്ന അവസാന വർഷ സംഘ ശിക്ഷ വർഗ് പാസിങ് ഔട്ട് പരിപാടിയിലാണ് പ്രണബ് മുഖർജി പങ്കെടുക്കുന്നത്. ആർഎസ്എസിന്റ പരിപാടിയിൽ പങ്കെടുക്കുന്നതിനെതിരെ കോൺഗ്രസ് നേതാക്കളുയര്‍ത്തിയ വിമർശനങ്ങക്ക് നാളെ മറുപടി പറയും എന്നാണ് പ്രണബ് മുഖർജി വ്യക്തമാക്കിയിരിക്കുന്നത്. അതിനിടെ പ്രണബ് മുഖർജിയുടെ തീരുമാനത്തെ സ്വാഗതം ചെയത് എൻ സി പി അടക്കമുള്ള കക്ഷികൾ രംഗത്തെത്തി.

കോണ്‍ഗ്രസില്‍നിന്ന്ശക്താമായ എതിര്‍പ്പാണ് പ്രണബ് മുഖര്‍ജിയുടെ തീരുമാനത്തിനെതിരെ ഉയരുന്നത്. എന്നാല്‍ തന്‍റെ തീരുമാനം മാറ്റില്ലെന്ന് കഴിഞ്ഞ ദിവസം മുഖര്‍ജി വ്യക്തമാക്കിയിരുന്നു. മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജയറാം രമേശ് ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കരുതെന്ന് അഭ്യര്‍ഥിച്ച് അദ്ദേഹത്തിന് സന്ദേശം അയച്ചിരുന്നു. പ്രണബിന്‍റെ തീരുമാനം അത്ഭുതപ്പെടുത്തിയെന്നാണ് ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ആദിര്‍ ചൗധരി പറഞ്ഞത്.

രാഷ്ട്രപതി ആയതു മുതൽ താൻ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായുള്ള ബന്ധം ഉപേക്ഷിച്ചു. ദേശീയതയെക്കുറിച്ച് സംസാരിക്കാനാണ് ആർഎസ്എസ് ക്ഷണിച്ചത്. ഇക്കാര്യത്തിൽ തന്‍റെ നിലപാട് പരിപാടിയിൽ വ്യക്തമാക്കുമെന്നാണ് പ്രണബിന്‍റെ നിലപാട്. പ്രണബിനെതിരെ വിമർശനം പാടില്ലെന്നാണ് കോൺഗ്രസ് ഹൈക്കമാൻഡ്, പാര്‍ട്ടി വക്താക്കൾക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.