ഇന്നലെയാണ് ബിന്ദു ശബരിമലയിലേക്ക് തിരിച്ചത്.  തനിക്കും ബിന്ദുവിനും നിലവിൽ രാഷ്ട്രീയ പശ്ചാത്തലം ഒന്നും ഇല്ലെന്ന് ഹരിഹരൻ പറഞ്ഞു.

മലപ്പുറം: ശബരിമല സന്ദര്‍ശനത്തിനായി പുറപ്പെട്ട ഭാര്യ ബിന്ദുവിന് തന്‍റെ പൂര്‍ണ്ണ പിന്തുണയുണ്ടെന്ന് ഭർത്താവ് ഹരിഹരൻ. ഇന്നലെയാണ് ബിന്ദു ശബരിമലയിലേക്ക് തിരിച്ചത്. തനിക്കും ബിന്ദുവിനും നിലവിൽ രാഷ്ട്രീയ പശ്ചാത്തലം ഒന്നും ഇല്ലെന്ന് ഹരിഹരൻ പറഞ്ഞു. 10 വർഷം മുമ്പ് സിപിഐഎംഎല്ലില്‍ പ്രവർത്തിച്ചിരുന്നു. ഇപ്പോൾ ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമല്ല എന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പ്രതിഷേധം ഉണ്ടാവുമെന്ന് മനസിലാക്കി ഹരിഹരനും മകളും വീട്ടിൽ നിന്ന് നേരത്തെ മാറിയിരുന്നു.

എന്നാല്‍ വീട്ടിൽ പറയാതെയാണ് ശബരിമലയിലേക്ക് പോയതെന്നായിരുന്നു കനകദുർഗയുടെ ഭർത്താവ് കൃഷ്ണനുണ്ണിയുടെ പ്രതികരണം. വെള്ളിയാഴ്ചയാണ് പെരിന്തൽമണ്ണയിലെ വീട്ടിൽ നിന്ന് കനകദുർഗ പുറപ്പെട്ടത്. അരീക്കോടുള്ള സ്വന്തം വീട്ടിലേക്ക് പോവുകയാണെന്നും ശനിയാഴ്ച തിരിച്ചെത്തുമെന്നും പറഞ്ഞിരുന്നു എന്നും കൃഷ്ണനുണ്ണി പറഞ്ഞു. 

അതേസമയം, ശബരിമല ദര്‍ശനത്തിനെത്തിയ ബിന്ദുവിനെയും കനകദുര്‍ഗ്ഗയെയും പൊലീസ് തിരിച്ച് ഇറക്കി. ക്രമസമാധാന പ്രശ്നം കാരണമാണ് തിരിച്ചിറക്കിയതെന്ന് പൊലീസ് പറഞ്ഞു. കൂടാതെ കനകദുര്‍ഗയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപെട്ടെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ ബിന്ദു ഇക്കാര്യം നിഷേധിച്ചു. പൊലീസ് നിര്‍ബന്ധിച്ച് തിരിച്ചിറക്കിയെന്ന് ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോഴത്തെ സംഘര്‍ഷം അവസാനിച്ചാല്‍ തിരിച്ച് ശബരിമല ദര്‍ശനത്തിന് സൗകര്യമൊരുക്കാമെന്ന് പൊലീസ് വാഗ്ദാനം നല്‍കിയതായും ബിന്ദു പറഞ്ഞു. 

ഇന്ന് രാവിലെയാണ് പൊലീസ് സംരക്ഷണം ആവശ്യപ്പെടാതെ ബിന്ദുവും കനകദുര്‍ഗയും ശബരിമല ദര്‍ശനത്തിനെത്തിയത്. യുവതികള്‍ മലകയറുന്നുണ്ടെന്നറിഞ്ഞ പൊലീസ് പിന്നീടിവര്‍ക്ക് സംരക്ഷണം നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സംരക്ഷണത്തില്‍ മലകയറിയ ഇരുവരെയും മരക്കൂട്ടമുതല്‍ പല സ്ഥലങ്ങളിലായി തടഞ്ഞിരുന്നു. ഒടുവില്‍ ചന്ദ്രാനന്ദം റോഡില്‍ വച്ച് കൂടുതല്‍ പ്രതിഷേധക്കാരെത്തി ഇരുവരെയും കടത്തിവിടാതായതോടെയാണ് പൊലീസ് ഇരുവരെയും കൊണ്ട് മലയിറങ്ങാന്‍ നിര്‍ബന്ധിതരായത്.