ഡിസംബര്‍ 16നാണ് നിയന്ത്രണത്തോടെ ദ്വീപ് തുറന്നത്.

വയനാട്: കുറുവാദ്വീപിലേക്ക് സഞ്ചാരികളെത്തുന്നതിന് വിലക്ക്. കാലവര്‍ഷത്തിന് മുന്നോടിയായി ദ്വീപ് അടച്ചിടുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശകര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. അതേസമയം ദ്വീപിലേക്ക് മാത്രമാണ പ്രവേശനം നിരോധിച്ചിരിക്കുന്നത്. ഇവിടെയുള്ള ഡി.ടി.പി.സിയുടെ ചങ്ങാട സവാരി സഞ്ചാരികള്‍ക്ക് ആസ്വാദിക്കാം. 

ഡിസംബര്‍ 16നാണ് നിയന്ത്രണത്തോടെ ദ്വീപ് തുറന്നത്. അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് പ്രകൃതി ശ്രീവാസ്തവയുടെ ഉത്തരവ് പ്രകാരം ദിനംപ്രതി 400 പേര്‍ക്കായിരുന്നു ദ്വീപിലേക്ക് പ്രവേശനം അനുവദിച്ചിരുന്നത്. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് ഇത് 1050 ആയി വര്‍ധിപ്പിച്ചിരുന്നു. 

നിയന്ത്രണമേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ദൂരദിക്കുകളില്‍ നിന്നെത്തി നിരാശരാവുന്ന സഞ്ചാരികള്‍ക്കായി ഡി.ടി.പി.സിയാണ് ചങ്ങാട സവാരി ഏര്‍പ്പെടുത്തിയത്. ചങ്ങാട സവാരിക്കായി നിരവധി പേരാണ് ഇപ്പോള്‍ കുറവയിലെത്തുന്നത്. ദ്വീപിലേക്ക് പ്രവേശനം നിര്‍ത്തിയ സാഹചര്യത്തില്‍ തിരക്ക് ഇനിയും വര്‍ധിക്കാനിടയുണ്ട്. എന്നാല്‍ കാലവര്‍ഷം കനത്താല്‍ ചങ്ങാടസവാരിയും നിര്‍ത്തിവെക്കേണ്ടി വരും. ദിവസവും ശരാശരി 600 പേര്‍ വരെ ഇപ്പോള്‍ ചങ്ങാട സവാരി നടത്തുന്നുണ്ട്.