രണ്ട് ഘട്ടമായാണ് അസമിലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്നത്. ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച നടന്ന തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ വ്യാഴാഴ്ചയാണ് ആരംഭിച്ചത്

ഗുവാഹത്തി: അസമില്‍ ത്രിതല പഞ്ചായത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ ബിജെപി മുന്നേറ്റം തുടരുന്നു. രണ്ട് ഘട്ടമായാണ് അസമിലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്നത്. ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച നടന്ന തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ വ്യാഴാഴ്ചയാണ് ആരംഭിച്ചത്.

ഇത് മൂന്നാം ദിവസത്തേക്ക് കടന്നതോടെ കോണ്‍ഗ്രസിനെ പിന്‍സീറ്റിലാക്കി ബിജെപി കുതിക്കുകയാണ്. ആകെ, 21,990 ഗ്രാമപഞ്ചായത്ത് സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ 17,904 സീറ്റുകളിലെ ഫലം വന്നപ്പോള്‍ 7,769 സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ വിജയിച്ചതായി ഇലക്ഷന്‍ കമ്മീഷന്‍ രേഖകള്‍ വ്യക്തമാക്കുന്നു.

ബിജെപിയുടെ പിന്നില്‍ രണ്ടാം സ്ഥാനത്തുള്ള കോണ്‍ഗ്രസ് 5,896 സീറ്റുകളിലാണ് വിജയം നേടിയത്. ബിജെപിയോട് സഖ്യം ചേര്‍ന്ന് മത്സരിച്ച അസം ഗണ പരിഷത്ത് 1,372 സീറ്റുകളോടെ മൂന്നാമതാണ്. സ്വതന്ത്രര്‍ ഉള്‍പ്പെടെയുള്ള മറ്റ് കക്ഷികള്‍ക്ക് ലഭിച്ചിരിക്കുന്നത് 2,112 സീറ്റുകളാണ്. ന്യൂനപക്ഷ പാര്‍ട്ടിയായ എഐയുഡിഎഫ് 755 സീറ്റുകളും നേടി.

ജില്ലാ പഞ്ചായത്തിലും ബിജെപി മുന്നേറ്റമാണുള്ളത്. ആകെയുള്ള 420 ജില്ലാ പഞ്ചായത്ത് സീറ്റുകളില്‍ 416 എണ്ണത്തിലും ഫലം പുറത്ത് വന്നിട്ടുണ്ട്. 223 സീറ്റുകള്‍ ബിജെപി നേടിയപ്പോള്‍ കോണ്‍ഗ്രസിന് 139 സീറ്റുകളാണുള്ളത്. അസം ഗണ പരിഷത്ത് 18ഉം എഐയുഡിഎഫ് 24ഉം സീറ്റുകള്‍ സ്വന്തമാക്കി.

കോണ്‍ഗ്രസിനെ പിന്നിലാക്കി അഞ്ചാലിക് പഞ്ചായത്ത് സീറ്റുകളുടെ എണ്ണത്തിലും ബിജെപിക്ക് മുന്‍തൂക്കമുണ്ട്. ആകെ 2199 സീറ്റുകളിലാണ് മത്സരം നടന്നത്. അതില്‍ ഫലം അറിഞ്ഞ 1944 എണ്ണത്തില്‍ ബിജെപിക്ക് 910 സീറ്റുകള്‍ ബിജെപി നേടി. കോണ്‍ഗ്രസിന് 656 എണ്ണമാണ് ലഭിച്ചത്.

അസം ഗണ പരിഷത്തും എഐയുഡിഎഫും 122 വീതം സീറ്റുകളും സ്വന്തമാക്കി. ബിജെപി വന്‍ വിജയത്തിലേക്ക് നീങ്ങിയതോടെ വോട്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി സര്‍ബാനന്ദ സേനോവാള്‍ നന്ദി അറിയിച്ചു. അസമില്‍ 78,571 സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്. അതില്‍ 734 പേര്‍ എതിരില്ലാതെ തന്നെ തെരഞ്ഞെടുക്കപ്പെട്ടു. ആകെ 82 ശതമാനം പേരാണ് തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയത്.