റേഞ്ച് ഐജി ബല്‍റാം കുമാര്‍ ഉപാധ്യായയുടെ ഹോട്ടൽ ബില്ലായി നൽകിയ പണം ഇനിയും കിട്ടിയിട്ടില്ലെന്ന് കൂടെയുണ്ടായിരുന്ന എസ്ഐ

തൃശൂര്‍: പൊലീസില്‍ ദാസ്യപ്പണിക്ക് പുറമെ മേലുദ്യോഗസ്ഥരുടെ ഹോട്ടൽച്ചിലവും വഹിക്കേണ്ടി വരുന്നത് പലപ്പോഴും കീഴുദ്യോഗസ്ഥരാണ്. കണ്ണൂര്‍ റേഞ്ച് ഐജി ബല്‍റാം കുമാര്‍ ഉപാധ്യായയുടെ ഹോട്ടൽ ബില്ലായി നൽകിയ പണം ഇനിയും കിട്ടിയിട്ടില്ലെന്ന് അന്ന് കൂടെയുണ്ടായിരുന്ന എസ്ഐ പി.പി.ജോസ് വെളിപ്പെടുത്തി. കഴിഞ്ഞ വ‍ർഷം വിരമിച്ച പി.പി.ജോസ് മേലുദ്യോഗസ്ഥരുടെ ചൂഷണങ്ങൾ ഏഷ്യാനെറ്റ് ന്യൂസിനോട് തുറന്ന് പറഞ്ഞു.

തിരുവനന്തപുരം ഇന്റലിജൻസ് ഐജിയായിരുന്ന ബല്‍റാം കുമാര്‍ ഉപാധ്യായ ഐപിഎസ്, 2015 നവംബര്‍ 19ന് ഗുരുവായൂര്‍ ശ്രീവല്‍സം ഗസ്റ്റ് ഹൗസില്‍ മുറിയെടുത്തു. മുറിയുടെ വാടക 1955 രൂപയായിരുന്നു. മുറി ഒഴിഞ്ഞപ്പോൾ ബിൽ, ഒപ്പമുണ്ടായിരുന്ന തൃശൂര്‍ ഇന്റലിജൻസ് എസ്ഐ പിപി ജോസിനെ ഏൽപ്പിച്ച് ബല്‍റാം കുമാര്‍ ഉപാധ്യായ ഐപിഎസ് സ്ഥലംവിട്ടു.

എന്നാല്‍ ഇങ്ങനെയൊരു സംഭവത്തെ കുറിച്ച് ഓര്‍മ്മയില്ലെന്നാണ് ബൽറാം കുമാർ ഉപാധ്യായ പ്രതികരിക്കുന്നത്. ചാലക്കുടി ഡിവൈഎസ്പി ആയിരുന്ന ടി.കെ.തോമസ്, സ്റ്റേഷൻ പരിശോധനയ്ക്ക് വരുമ്പോൾ എസ്ഐമാർ കശുവണ്ടിയുമായി കാത്തുനിൽക്കണമായിരുന്നു എന്ന് പി.പി.ജോസ് ആരോപിക്കുന്നു. 2013ൽ 5 കിലോ കശുവണ്ടി കൊടകര എസ്ഐ ആയിരുന്ന ജോസിനെ കൊണ്ട് വാങ്ങിപ്പിച്ചു. ചിലവായ പൈസ ചോദിച്ചപ്പോൾ പ്രതികാര നടപടിയായിരുന്നു മറുപടി.

ഒടുവിൽ ചില പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ട് 3000 രൂപ 3 വർഷത്തിന് ശേഷം തിരികെ കിട്ടിയെന്ന് പി.പി.ജോസ് പറയുന്നു. എന്നാല്‍ ആരോപണം ടി.കെ.തോമസ് നിഷേധിച്ചു.