കോഴിക്കോട്: ബാങ്ക് ജപ്തി ചെയ്ത് വീട്ടില്‍നിന്നിറക്കി വിട്ട കുടുംബത്തെ നാട്ടുകാര്‍ ബലമായി വീട്ടില്‍ തിരികെ പ്രവേശിപ്പിച്ചു. ഇരു കാലുകള്‍ക്കും വൈകല്യമുളള 55 കാരനും കുടുംബത്തിനുമാണ് കിടപ്പാടം നഷ്ടമായത്. കോഴിക്കോട് നരിപ്പറ്റ പഞ്ചായത്തിലാണ് സംഭവം.

കോഴിക്കോട് നരിപ്പറ്റ പഞ്ചായത്തിലെ മുളളമ്പത്ത് നാണുവിനെയും അഞ്ചംഗ കുടുംബത്തെയുമാണ് കോഴിക്കോട് ജില്ലാ സഹകരണ ബാങ്കില്‍ നിന്നെടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് ജപ്തി ചെയ്ത് ഇറക്കിവിട്ടത്. കിടപ്പാടം ഇല്ലാതായതോടെ നാണുവും കുടുംബവും വളര്‍ത്തുമൃഗങ്ങളെ മാറ്റി തൊഴുത്തില്‍ താമസം മാറി. 

സംഭവമറിഞ്ഞ് നാട്ടുകാരും കര്‍ഷക സംഘടനയായ ഹരിതസേനയും കുടുംബത്തിന് പിന്തുണയുമായെത്തി. തുടര്‍ന്ന് ബാങ്ക് സീല്‍ ചെയ്ത പൂട്ട് പൊളിച്ച് കുടുംബത്തെ തിരികെ വീട്ടില്‍ പ്രവേശിപ്പിച്ചു.

രണ്ടു കാലുകള്‍ക്കും വൈകല്യമുളള വേണു 2009ലാണ് കോഴിക്കോട് ജില്ലാ സഹകരകണ ബാങ്കില്‍നിന്ന് 3ലക്ഷം രൂപ വായ്പയെടുത്തത്. ആകെ 20 സെന്‍റ് ഭൂമിയാണ് ഇവര്‍ക്കുളളത്. ഇതിനകം ഒന്നരലക്ഷം രൂപ തിരിച്ചടച്ചു. രണ്ടര ലക്ഷം രൂപ കൂടി അടയ്ക്കാന്‍ ബാങ്ക് സംഘടിപ്പിച്ച അദാലത്തില്‍ സന്നദ്ധത അറിയിച്ചെങ്കിലും ബാങ്കുകാര്‍ ഇതിന് അനുവദിച്ചില്ലെന്നും ഇവര്‍ പറയുന്നു.

സര്‍ഫാസി ആക്ട് പ്രകാരമാണ് നാണുവിന്‍രെ കുടുംബത്തെ ജപ്തി ചെയ്തതെന്ന് ബാങ്ക് നല്‍കിയ നോട്ടീസിലുണ്ട്. വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തുന്ന വന്‍കിടകന്പനികളെ ലക്ഷ്യം വച്ച് 2002 ല്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നതാണ് സര്‍ഫാസി ആക്ട്. ചെറുകിടക്കാര്‍ക്കെതിരെ ജപ്തി നടപടി പാടില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുന്നതിനിടയാണ് കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്‍റെ ഈ നടപടി.