5 വര്‍ഷത്തെ സമരം ഒടുവില്‍ ഫലം കണ്ടു മണിക്കൂറുകളോളം നിന്ന് ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ക്ക് ഇനി ഇരിക്കാം

തിരുവനന്തപുരം: വര്‍ഷങ്ങളോളം നീണ്ട ഒരു സമരത്തിന് ഒടുവില്‍ അര്‍ത്ഥം കൈവന്നിരിക്കുന്നു. തുണിക്കടകളുള്‍പ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഇരുന്ന് ജോലി ചെയ്യാന്‍ നിയമഭേദഗതി നടത്തുമെന്ന് ഒടുവില്‍ മന്ത്രിസഭ അറിയിച്ചു. 

കോഴിക്കോട് മിഠായിത്തെരുവിലാണ് കേരളത്തില്‍ ആദ്യമായി ഇരിപ്പ് സമരം നടക്കുന്നത്. അസംഘടിത മേഖല തൊഴിലാളി യൂണിയന്റെ (എ.എം.ടി.യു) സംസ്ഥാന സെക്രട്ടറി വിജി ഓര്‍ക്കുന്നു..

''2014ലാണ് നമ്മുടെ സമരം തുടങ്ങുന്നത്. യഥാര്‍ത്ഥത്തില്‍ മറ്റൊരു വിഷയവുമായി ബന്ധപ്പെട്ട് നടന്ന ഉപരോധത്തിനിടെയാണ് ഇരിപ്പ് സമരമെന്ന ആവശ്യം ഞങ്ങള്‍ മനസ്സിലാക്കിയത്. 30 തൊഴിലാളികള്‍ ജോലി ചെയ്യുന്ന ഒരു വന്‍കിട തുണിക്കട അന്ന് അടച്ചുപൂട്ടാന്‍ തീരുമാനിച്ചു. തൊഴിലാളികള്‍ക്ക് യാതൊരു മുന്നറിയിപ്പും നല്‍കാതെയാണ് കട അടച്ചുപൂട്ടാന്‍ മുതലാളിമാര്‍ തീരുമാനിച്ചത്, ഇതിനെതിരെ കടയുടെ മാനേജരെ ഉപരോധിക്കാനാണ് എ.എം.ടി.യു അവിടെയെത്തിയത്. മണിക്കൂറുകള്‍ നീണ്ടു ഉപരോധം. ഒന്ന് ഇരിക്കാന്‍ നോക്കിയപ്പോള്‍ അവിടെയെങ്ങും ഒരു കസേര പോലുമുണ്ടായിരുന്നില്ല. അങ്ങനെയാണ് ഇരിക്കാതെയാണ് മണിക്കൂറുകളോളം തൊഴിലാളികള്‍ ജോലി ചെയ്യുന്നതെന്ന് തിരിച്ചറിഞ്ഞത്''

'രാവിലെ വീട്ടുജോലി തീര്‍ത്ത് നേരെ ബസില്‍ ഓടിക്കയറി ജോലി സ്ഥലത്തെത്തുന്നവരാണ് ഇവിടെയൊക്കെയുള്ള സ്ത്രീ തൊഴിലാളികള്‍. കടകളിലെത്തി പതിനൊന്ന് മണിക്കൂര്‍ തുടര്‍ച്ചയായി നില്‍ക്കും. പുരുഷന്മാരായ ജീവനക്കാര്‍ ഇടയ്ക്ക് എന്തെങ്കിലും ആവശ്യങ്ങള്‍ പറഞ്ഞ് പുറത്തുപോകും'

2014 മെയ് ഒന്നിന് കോഴിക്കോട് മിഠായിത്തെരുവിലൂടെ തലയില്‍ കസേരകളുമേന്തി അവര്‍ സമരം നടത്തി. ഇരിപ്പ് സമരത്തിന് മുഴുവന്‍ സമയവും പങ്കെടുക്കാന്‍ സ്ത്രീ തൊഴിലാളികളെ കിട്ടിയില്ല. 

''രാവിലെ വീട്ടുജോലി തീര്‍ത്ത് നേരെ ബസില്‍ ഓടിക്കയറി ജോലി സ്ഥലത്തെത്തുന്നവരാണ് ഇവിടെയൊക്കെയുള്ള സ്ത്രീ തൊഴിലാളികള്‍. കടകളിലെത്തി പതിനൊന്ന് മണിക്കൂര്‍ തുടര്‍ച്ചയായി നില്‍ക്കും. പുരുഷന്മാരായ ജീവനക്കാര്‍ ഇടയ്ക്ക് എന്തെങ്കിലും ആവശ്യങ്ങള്‍ പറഞ്ഞ് പുറത്തുപോകും. സ്ത്രീകള്‍ക്ക് അത് സാധ്യമല്ലായിരുന്നു. മാത്രമല്ല തുണിക്കടകളിലൊക്കെ പകുതിയിലേറെ ജീവനക്കാരും സ്ത്രീകളായിരിക്കും''- വിജി പറയുന്നു. 

ഇരിപ്പ് സമരം തുടര്‍ന്ന് സംസ്ഥാനത്ത് വിവിധ ജില്ലകളിലേക്ക് പടര്‍ന്നു. ആലപ്പുഴയിലും തൃശൂരുമെല്ലാം ഇരിപ്പ് സമരം സംഘടിപ്പിച്ചു. 

''ഈ സമരം പിന്നീട് സ്ത്രീകള്‍ക്ക് വേണ്ടിയുള്ളതായി മാറി. അവര്‍ക്ക് മിനിമം വേതനമില്ല, മൂത്രപ്പുരകളില്ല, അടിസ്ഥാന അവകാശങ്ങളൊന്നുമില്ല. ഇതെല്ലാം കാണിച്ച് ലേബര്‍ കമ്മീഷനിലും ദേശീയ മനഷ്യാവകാശ കമ്മീഷനിലുമെല്ലാം പരാതിപ്പെട്ടു. ആദ്യമൊന്നും സമരത്തിന് പ്രതികരണങ്ങളുണ്ടായില്ല. സജീമായ ഇടപെടല്‍ തുടങ്ങിയതോടെ രംഗം ആകെ മാറി. തൊഴില്‍ മന്ത്രിയെ കാണാന്‍ കോഴിക്കോട് നിന്ന് ഞങ്ങള്‍ എ.എം.ടി.യുക്കാരും ചില മനുഷ്യാവകാശ പ്രവര്‍ത്തകരുമെല്ലാം ഉള്‍പ്പെടുന്ന സംഘം തിരുവനന്തപുരത്തേക്ക് പോയി. എല്ലാ പ്രവര്‍ത്തനവും ഫലം കണ്ടുവല്ലോ, എന്താണോ ആവശ്യപ്പെട്ടത് അത് അനുവദിക്കപ്പെട്ടിരിക്കുന്നു''- വിജി പറയുന്നു. 

അതേസമയം സര്‍ക്കാര്‍ അനുവദിച്ച തൊഴിലവകാശം തൊഴിലുടമകള്‍ അനുവദിക്കാത്ത സാഹചര്യമുണ്ടാകുമോയെന്നാണ് ഇപ്പോള്‍ പേടിയെന്നും വിജി കൂട്ടിച്ചേര്‍ക്കുന്നു.