റിപ്ലബ്ലിക് ദിന പരേഡ‍് കാണാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയ്ക്ക് അനുവദിച്ചത് ആറാം നിരയിലെ ഇരിപ്പിടം. രാഷ്ട്രപതി ഭവനിലെ അറ്റ് ഹോം വിരുന്നിലും പിൻനിരയിലായിരുന്നു രാഹുലിന്‍റെ സ്ഥാനം മോദി സര്‍ക്കാരിന്‍റേത് തരംതാണ രാഷ്ട്രീമാണെന്നായിരുന്നു കോൺഗ്രസ് വിമര്‍ശനം.

എൽ കെ അദ്വാനി, ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ എന്നിവര്‍ക്ക് മുൻ നിരയിൽ സ്ഥാനം നൽകിയപ്പോഴാണ് രാഹുൽ ഗാന്ധിക്ക് ആറാം നിരയിൽ ഇരിപ്പിടം നൽകിയ.ത്. നാലാം നിരയിലാണ് രാഹുൽ ഗാന്ധിയ്ക്ക് സ്ഥാനമെന്നായിരുന്നു ആദ്യ സൂചനയെങ്കിലും ഔദ്യോഗിക അറിയിപ്പ് വന്നപ്പോഴാണ് ഇരിപ്പിടം ആറാം നിരയിലേക്ക് മാറ്റിയത്. രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിനൊപ്പമാണ് രാഹുൽ റിപ്പബ്ലിക് ദിന പരേഡ് കണ്ടത്. പൊതുജനങ്ങളുടെ ഇരിപ്പിടത്തിന് തൊട്ട് മുൻപിലെ നിരയിലാണ് രാഹുൽ ഇരുന്നത്. 

കോൺഗ്രസ് അധ്യക്ഷയായിരുന്നപ്പോൾ സോണിയ ഗാന്ധിയ്ക്ക് മുൻനിരയിലെ ഇരിപ്പിടമായിരുന്നു മോദി സര്‍ക്കാര്‍ അനുവദിച്ചിരുന്നത്. എന്നാൽ കോൺഗ്രസ് അധ്യക്ഷനായ ശേഷമുള്ള ആദ്യ റിപ്പബ്ലിക് ദിനത്തിൽ അഹങ്കാരികളായ ഭരണാധികാരികൾ രാഹുലിനെ അപമാനിച്ചുവെന്നായിരുന്നു കോൺഗ്രസിന്‍റെ ട്വീറ്റ്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതി ഭവനിലെ അറ്റ് ഹോം വിരുന്നിലും പിൻനിരയിലായിരുന്നു രാഹുലിന്‍റെ സ്ഥാനം. വിരുന്നിനിടെ രാഹുലിന്‍റെ അടുത്തെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി അഭിഭാദ്യം ചെയ്തു.