രണ്ട് പേരടങ്ങിയ സംഘം തടഞ്ഞു നിർത്തി പേഴ്സ് തട്ടിപ്പറിക്കുകയായിരുന്നു
കോഴിക്കോട്: കോഴിക്കോട് പട്ടണത്തിൽ പണമടങ്ങിയ പേഴ്സ് തട്ടിപ്പറിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. തോട്ടുമുക്കം ചുണ്ടയൻ കുന്നിൽ ഹുസൈ (52) നെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. മീഞ്ചന്ത ചെമ്മരശേരി പറമ്പ് ഫിറോസാണ് മോഷ്ടാക്കളുടെ കൈകളിൽ അകപ്പെട്ടത്. രണ്ടുപേരടങ്ങുന്ന സംഘം തടഞ്ഞു നിർത്തി പണമടങ്ങിയ പേഴ്സ് തട്ടിപ്പറിക്കുകയായിരുന്നു.
പുതിയ ബസ് സ്റ്റാൻഡിൽ നിന്നും മരുന്നും വാങ്ങി എസ്.കെ. ടെംബിൾ റോഡ് വഴി മാനാഞ്ചിറയിലേക്ക് പോകുകയായിരുന്നു ഫിറോസ്.
ഗംഗ തിയറ്ററിന് സമീപം എത്തിയപ്പോൾ രണ്ടുപേർ തടഞ്ഞ് നിർത്തി. ഒരാൾ ബലമായി പിടിച്ച് നിർത്തുകയും രണ്ടാമത്തെയാൾ ഷർട്ടിന്‍റെ പോക്കറ്റിൽ നിന്നും 2580 രൂപ അടങ്ങിയ പേഴ്സ് എടുത്തു. ഫിറോസിനെ താഴെത്തള്ളിയിട്ട് പേഴ്സുമായി പുതിയ ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് മോഷ്ടാക്കൾ ഓടിപ്പോകുകയായിരുന്നു. മോഷ്ടാക്കളുടെ പിന്നാലെ ബഹളം വച്ച് ഓടിയ ഫിറോസ് സമീപത്തുള്ള ഓട്ടൊ ഡ്രൈവർമാരുടെ സഹായത്തോടെയാണ് മോഷ്ടാക്കളെ പിടിച്ചത്.
കസബ പൊലീസ് സബ് ഇൻസ്പെക്ടർ സജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസെത്തിയാണ് മോഷ്ടാവിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മോഷണത്തിലെ രണ്ടാം പ്രതിയെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
