കൊച്ചി: യുവാവിനെ ആക്രമിച്ച് പണവും മൊബൈല്‍ ഫോണും തട്ടിയെടുത്ത കേസില്‍ ആറംഗ പിടിച്ചുപറി സംഘം കൊച്ചിയില്‍ പിടിയില്‍. എറണാകുളം നോര്‍ത്ത് പൊലീസാണ് പ്രതികളെ പിടികൂടിയത്. എറണാകുളത്ത് ജോലി ചെയ്യുന്ന പാലക്കാട് സ്വദേശി അഭിനന്ദിനെ ആക്രമിച്ച് പണവും മൊബൈലും തട്ടിയെടുത്ത ആറംഗ സംഘത്തെയാണ് നോര്‍ത്ത് പോലീസ് പിടികൂടിയത്.
ദേവന്‍, ആദില്‍, സനീര്‍, സനല്‍, രാഹുല്‍, മാക്‌സന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് പുലര്‍ച്ചെയോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ആറു പേരെയും പിടികൂടുകയായിരുന്നു. നഗരത്തിലും പരിസരത്തും പിടിച്ചുപറിയും മോഷണവും പതിവാക്കിയവരാണ് പ്രതികളെന്ന് പോലീസ് പറഞ്ഞു.
പിടിച്ചുപറി സംഘത്തിലുള്ള ആദില്‍ അഭിനന്ദിന്റെ സുഹൃത്താണ്. സംഘത്തിലെ ഒരാളെ ഇനിയും പിടികൂടാനുണ്ട്. ഇയാള്‍ക്കായി തെരച്ചില്‍ ശക്തമാക്കിയതായി പൊലീസ് പറഞ്ഞു. പ്രതികള്‍ സഞ്ചരിച്ച വാഹനം കണ്ടെത്താനും പൊലീസ് ശ്രമം തുടങ്ങി.
