കാസര്‍കോട്: മഞ്ചേശ്വരം കടന്പാര്‍ കട്ടയില്‍ ദന്പതികളെ അക്രമിച്ച് 30 പവന്‍ സ്വര്‍ണവും കാറും 7,500 രൂപയും കൊള്ളയടിച്ച കേസില്‍ നാല് പ്രതികളെ അറസ്റ്റു ചെയ്തു . മഞ്ചേശ്വരം കുണ്ടുകുള്‍ക്കെയിലെ മൊയ്തീന്‍ അന്‍സാര്‍, അബ്ദുര്‍ റഹ്മാന്‍ മുബാറക്ക്, ഇംത്യാസ് ഉദ്യാവാറിലെ മുഹമ്മദ് ഹനീഫ എന്നിവരാണ് അറസ്റ്റിലായത്.

ഇക്കഴിഞ്ഞ സെപ്തംബര്‍ ഒമ്പതിന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് കടമ്പാര്‍കട്ടയിലെ രവീന്ദ്രനാഥ് ഷെട്ടിയേയും ഭാര്യ മഹാലക്ഷ്മിയേയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും കൊള്ളയടിച്ചത്. കവര്‍ച്ചയ്ക്കുശേഷം ദമ്പതികളെ മുറിയില്‍ പൂട്ടിയിട്ടാണ് സംഘം വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന കാറുമായി കടന്നുകളഞ്ഞത്. ഈ കാര്‍ മംഗളൂരു പണമ്പൂര്‍ ജംഗ്ഷനില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. അറസ്റ്റിലായ അബ്ദുര്‍ റഹ്മാന്‍ ,മുബാറക്ക് എന്നിവര്‍ മഞ്ചേശ്വരത്തെ പോലീസുകാരനെ അക്രമിച്ചകേസിലും പ്രതികളാണ്.

കൊള്ളയടിച്ച 30 പവന്‍ സ്വര്‍ണത്തില്‍ കമ്മലും വളയും മാത്രമാണ് കണ്ടെത്താന്‍ കഴിഞ്ഞത്. കവര്‍ച്ച ചെയ്ത ബാക്കി സ്വര്‍ണ്ണാഭരണങ്ങള്‍ കര്‍ണാടകയിലെ പല സ്ഥലങ്ങളിലുമായാണ് വിറ്റിട്ടുള്ളത്.