തിരുവനന്തപുരം:  വിഴിഞ്ഞത്ത് കസ്റ്റഡിയിലെടുത്ത റോഹിങ്ക്യൻ വിഭാഗക്കാരായ അഞ്ചംഗ കുടുംബത്തെ തിരിച്ചയച്ചു. ഹൈദരാബാദിലെ അഭയാർത്ഥി ക്യാമ്പിലേക്ക് പൊലീസ് സംരക്ഷണത്തിലാണ് ഇവരെ തിരിച്ചയച്ചത്. ഇവിടെ നിന്നാണ് കുട്ടികളും ഒരു സ്ത്രീയുമടക്കമുള്ള കുടുംബം തൊഴിൽ തേടി ഇവർ വിഴിഞ്ഞത്തെത്തിയത്. 

തയ്യൂബ്, ഭാര്യ സഫൂറ, മകൻ സഫിയാൻ, സഹോദരൻ അർഷാദ്, ഭാര്യാസഹോദരൻ അൻവർ ഷാ എന്നിവരെയാണ് പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തത്. ഹൈദരാബാദിൽ നിന്ന് ട്രെയിൻ മാർഗം ഇവർ തിരുവനന്തപുരത്തെത്തിയത്. മ്യാൻമറിൽ നിന്നും വനമാർഗ്ഗമാണ് ഇവർ ഇന്ത്യയിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. രണ്ട് വർഷത്തോളമായി ഇവർ ഹൈദരാബാദിൽ കഴിഞ്ഞുവരികയായിരുന്നു. ഹൈദരാബാദിൽ ജോലി ചെയ്തിട്ടും ശമ്പളമൊന്നും കിട്ടാത്തതിനാലാണ് തീരപ്രദേശമായ വിഴിഞ്ഞത്തെത്തിയതെന്നാണ് കുടുംബം പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. 

വിഴിഞ്ഞത്തെ നിർമാണക്കമ്പനികളെക്കുറിച്ച് സുഹൃത്തുക്കളിൽ നിന്നറിഞ്ഞെന്നും ജോലി തേടിയെത്തിയതാണെന്നും തയ്യൂബ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മ്യാൻമറിലെ മ്യാവ് സ്വദേശികളാണ് അഞ്ച് പേരും. വനമാർഗമാണ് ഇന്ത്യയിലേക്കെത്തിയത്.  ഇവരുടെ കൈവശം ഐക്യരാഷ്ട്ര സഭ നൽകിയ തിരിച്ചറിയൽ കാർഡുകള്‍ പൊലീസ് കണ്ടെത്തിയിരുന്നു. അതേസമയം, റോഹിങ്ക്യൻ അഭയാര്‍ത്ഥികളാണെന്ന് സംശയിച്ച് ഇന്ന് രാവിലെ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടിയ ആറുപേർ അസം സ്വദേശികളാണെന്ന് പരിശോധനയിൽ വ്യക്തമായി. ഇവരുടെ കൈവശം തെരെഞ്ഞെടുപ്പ് തിരിച്ചറിയിൽ കാ‍ർഡുണ്ടെന്നും തലസ്ഥാനത്ത് താമസിക്കുന്ന ബന്ധുവിനെ കാണാനാണ് ഇവർ എത്തിയതെന്നും പൊലീസ് പറഞ്ഞു.