നീണ്ട ഒമ്പത് വര്‍ഷത്തെ റയല്‍ ജീവിതം അവസാനിപ്പിച്ചാണ് റോണോ യുവെയില്‍ എത്തിയത്

ടൂറിന്‍: വര്‍ഷങ്ങളായി ഇറ്റാലിയന്‍ സീരി എ കിരീടത്തിന് യുവന്‍റസിന് എതിരാളികളില്ല. ലീഗിന് പുറത്ത് ചാമ്പ്യന്‍സ് ലീഗിലും ടീം മികച്ച പ്രകടനമാണ് നടത്തിയിരുന്നത്. പക്ഷേ, ഇറ്റലിയിലെ ആരാധകരില്‍ കൂടുതല്‍ ഇത്രയും വര്‍ഷമായിട്ടും ഉണ്ടാക്കിയെടുക്കാന്‍ യുവെയ്ക്ക് സാധിച്ചില്ല.

സാമി ഖെദീര, ഗോണ്‍സാലോ ഹിഗ്വെയിന്‍, പൗളോ ഡിബാല എന്നിങ്ങനെ ഒരുപിടി മികച്ച താരങ്ങള്‍ കളിക്കുന്ന ക്ലബ്ബ് ആയിട്ടു പോലും ഈ ദുരവസ്ഥ മാറ്റിയെടുക്കാന്‍ യുവന്‍റസിന് സാധിച്ചിരുന്നില്ല. പക്ഷേ, ഒറ്റ താരത്തെ ടീമിലെത്തിച്ച് എല്ലാ ക്ഷീണവും ഒരു ദിവസം കൊണ്ട് കാറ്റില്‍പ്പറത്തിയിരിക്കുകയാണ് യുവെ.

റയല്‍ മാഡ്രിഡില്‍ നിന്ന് പൊന്നും വില കൊടുത്ത് പോര്‍ച്ചുഗലിന്‍റെ പടനായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ടീമിലെത്തിച്ചത് വെറുതെയല്ലെന്നാണ് ഇതിലൂടെ മനസിലാക്കേണ്ടത്. റൊണാള്‍ഡോ യുവെയിലേക്ക് ആണെന്നുള്ള വാര്‍ത്ത അറിഞ്ഞത് മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ തിരയുന്നത് യുവന്‍റസിനെപ്പറ്റിയാണ്.

റൊണാള്‍ഡോ എത്തിയെന്ന കാര്യം സ്ഥിരീകരിച്ച ദിവസം മാത്രം ഏകദേശം പത്ത് ലക്ഷത്തില്‍ കൂടുതല്‍ ആരാധകരാണ് യുവയെ സാമൂഹ്യ മാധ്യമങ്ങളില്‍ തേടി എത്തിയത്. ഇറ്റാലിയന്‍ ക്ലബ്ബിന്‍റെ ഇന്‍സ്റ്റാഗ്രാം, ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ പേജുകളില്‍ എല്ലാം ലെെക്കുകള്‍ ഓരോ ദിവസവും വര്‍ധിക്കുകയാണ്.

ഫേസ്ബുക്കില്‍ 330 ലക്ഷത്തോളം ആരാധകര്‍ യുവയെ പിന്തുടരുമ്പോള്‍ ട്വിറ്ററില്‍ അത് 60 ലക്ഷം കവിഞ്ഞു. ഇതോടെ യൂറോപ്പിന് പുറത്തും ക്ലബ്ബിന്‍റെ വിപണി മൂല്യം കുതിക്കുമെന്നാണ് വിലയിരുത്തല്‍. കരാര്‍ ആയതല്ലാതെ ഇതുവരെ താരത്തെപ്പറ്റിയുള്ള കൂടുതല്‍ കാര്യങ്ങളൊന്നും ക്ലബ് വ്യക്തമാക്കിയിട്ടില്ല. ക്രിസ്റ്റ്യാനോയെ ഔദ്യോഗികമായ അവതരിപ്പിക്കുന്ന ദിനം ഇതിനേക്കാള്‍ വലിയ പ്രതീക്ഷകളാണ് ക്ലബ്ബിനുള്ളത്.