ജനങ്ങളുടെ ക്ഷേമത്തിനായാണ് ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, ചില ആളുകള്‍ ആര്‍എസ്എസിനെ ലക്ഷ്യംവെയ്ക്കുന്നു, ഹിന്ദു സമൂഹത്തിന്‍റെ ഐക്യത്തിന് വേണ്ടിയാണ് ആര്‍എസ്എസ് നിലകൊള്ളുന്നത്

ദില്ലി: ഇന്ത്യന്‍ സ്വതന്ത്ര്യ സമരത്തിലെ കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനങ്ങളെ പുകഴ്ത്തി ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. സ്വതന്ത്ര ഇന്ത്യക്കായുള്ള സമരത്തില്‍ കോണ്‍ഗ്രസ് പ്രധാന പങ്ക് വഹിച്ചെന്നും രാജ്യത്തിനായി അവര്‍ നിരവധി നേതാക്കളെ സമ്മാനിച്ചെന്നും അദ്ദേഹം പറഞ്ഞു.

ഭാരതത്തിന്‍റെ ഭാവി- ഒരു ആര്‍എസ്എസ് വീക്ഷണം എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു മോഹന്‍ ഭാഗവത്. സാധാരണക്കാരായ ആളുകളെ സ്വാതന്ത്ര്യ സമരത്തിലേക്ക് കൊണ്ട് വരുവാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു.

ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്ഗോവറും കോണ്‍ഗ്രസുകാരനായിരുന്നു. ആര്‍എസ്എസ് മുന്നോട്ട് വയ്ക്കുന്ന ഹിന്ദുത്വം ആരെയും എതിര്‍ക്കാനുള്ളതല്ല. രാജ്യത്തെ സാംസ്കാരിക വെെവിധ്യം ആദരിക്കപ്പെടേണ്ടതാണ്. ആര്‍എസ്എസ്, ആശയങ്ങള്‍ ആരിലും അടിച്ചേല്‍പ്പിക്കുന്നില്ലെന്നും ത്രിദിന പരിപാടിയുടെ ആദ്യ ദിനത്തിലെ പ്രസംഗത്തില്‍ അദ്ദേഹം വ്യക്തമാക്കി.

ജനങ്ങളുടെ ക്ഷേമത്തിനായാണ് ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, ചില ആളുകള്‍ ആര്‍എസ്എസിനെ ലക്ഷ്യംവെയ്ക്കുന്നു, ഹിന്ദു സമൂഹത്തിന്‍റെ ഐക്യത്തിന് വേണ്ടിയാണ് ആര്‍എസ്എസ് നിലകൊള്ളുന്നത്. മറ്റു സംഘടനകളുമായി ആര്‍എസ്എസിനെ താരമത്യപ്പെടുത്താന്‍ കഴിയില്ല.

സമൂഹത്തിലെ പ്രശ്നങ്ങള്‍ ഇല്ലാതാക്കുകയാണ് സംഘടന ലക്ഷ്യമിടുന്നത്. നാനാത്വം രാജ്യത്തെ ഭിന്നിപ്പിന് കാരണമാകാന്‍ പാടില്ല. രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ സംഘടനയാണ് ആര്‍എസ്എസ് എന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

ആര്‍എസ്എസിനെ സാധാരണക്കാരായ ജനങ്ങള്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് വിജ്ഞാന്‍ ഭവനില്‍ ത്രിദിന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം രാജ്യം പൊതു തെരഞ്ഞെടുപ്പിനെ നേരിടുന്നതിനാല്‍ ആര്‍എസ്എസ് വലിയ പ്രാധാന്യമാണ് പരിപാടിക്ക് നല്‍കിയിരിക്കുന്നത്. പ്രതിപക്ഷ നേതാക്കള്‍ക്കടക്കം പരിപാടിയിലേക്ക് ക്ഷണം ലഭിച്ചിരുന്നു.