ദില്ലി:സ്ത്രീവിരുദ്ധവും ദലിത് വിരുദ്ധവുമായ ഹൈന്ദവകൃതികള്‍ തിരുത്താനൊരുങ്ങി ആര്‍എസ്എസ്. ആര്‍എസ്എസിന്‍റെ സാംസ്‌കാരിക വിഭാഗമായ സംസ്‌കാര്‍ ഭാരതി കേന്ദ്ര സാംസ്‌കാരിക വകുപ്പുമായി ചേര്‍ന്നാണ് മനുസ്മൃതി തൊട്ടുള്ള പുരാതന ഹിന്ദു കൃതികള്‍ തിരുത്താന്‍ പോകുന്നത്. ഹിന്ദുമതത്തെക്കുറിച്ച് ആളുകള്‍ വിശ്വസിച്ചിരിക്കുന്ന കള്ളങ്ങള്‍ തിരുത്താനാണ് ഇതെന്ന് ആര്‍എസ്എസ് വക്താക്കള്‍ പറയുന്നു.

ഹിന്ദു മതത്തിനും മതഗ്രന്ഥങ്ങള്‍ക്കുമെതിരെ പൊതുവായി ഉപയോഗിക്കപ്പെടുന്ന, സ്ത്രീവിരുദ്ധവും ദലിത് വിരുദ്ധവുമായ മനുസ്മൃതിയിലെ ഭാഗങ്ങള്‍ നീക്കം ചെയ്യുന്നതിനെപ്പറ്റി ആലോചിക്കുകയാണ് എന്ന് സംസ്‌കാര്‍ ഭാരതിയുടെ ജോയിന്റ് സെക്രട്ടറി അമീര്‍ ചന്ദ് അറിയിച്ചു. മനുസ്മൃതിയില്‍ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ ഉണ്ട്. അതെല്ലാം ഒഴിവാക്കേണ്ടതുണ്ട്. നമ്മളതിനെ പിന്തുണയ്ക്കുന്നില്ല. 

മനുസ്മൃതിയെ ഇന്നത്തെ സാഹചര്യങ്ങളിലാണ് വായിക്കേണ്ടത്. ഇക്കാര്യം ഗവണ്മെന്റിന്‍റെ ശ്രദ്ധയില്‍ പെടുത്താന്‍ ശ്രമിക്കുമെന്ന് ചന്ദ് പറഞ്ഞു. ഇതുവരെയും അത്തരമൊരു പ്രമേയം കേന്ദ്രമന്ത്രാലയത്തില്‍ എത്തിയിട്ടില്ലെന്നും എത്തുമ്പോള്‍ പരിഗണിക്കാമെന്നും കേന്ദ്ര സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മ പറഞ്ഞു.

ജാതിയടിസ്ഥാനത്തിലുള്ള വര്‍ണാശ്രമ വ്യവസ്ഥയനുസരിച്ചുള്ള നിയമങ്ങളുടെയും മാര്‍ഗനിര്‍ദേശങ്ങളുടെയും പുസ്തകമാണ് മനുസ്മൃതി. എഡി 200 ലാണ് ഇത് രചിക്കപ്പെട്ടതെന്നും അതിനു മുമ്പേയാണ് രചിക്കപ്പെട്ടതെന്നും വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. മനുസ്മൃതി തിരുത്താനുള്ള പുതിയ ഗവേഷണങ്ങള്‍ സംഘടിപ്പിക്കുമെന്നും ചന്ദ് പറഞ്ഞു.

മനു 8,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജനിച്ചു എന്നാണ് ഞങ്ങള്‍ കരുതുന്നത്. മനുസ്മൃതിയുടെ പല പതിപ്പുകളും നിലനില്‍ക്കുന്നുണ്ട്. മനു ജനിച്ചുകഴിഞ്ഞ് 5,500 വര്‍ഷങ്ങള്‍ക്കുശേഷം പുറത്തിറങ്ങിയ പതിപ്പുകളും ഉണ്ട്. അതിനാല്‍ ഇക്കാര്യം പരിശോധിക്കേണ്ടിയിരിക്കുന്നു. 47 മന്ത്രങ്ങളുള്ള ഋഗ്വേദം എഴുതിയത് ഒരു സ്ത്രീയാണെന്ന് പലര്‍ക്കുമറിയില്ല. 

അത്തരം വേദങ്ങള്‍ക്ക് എങ്ങനെയാണ് സ്ത്രീവിരുദ്ധമാകുക? വിശുദ്ധ ഗ്രന്ഥങ്ങളെക്കുറിച്ചുള്ള അജ്ഞത കൊണ്ടാണ് ഇത്തരം ധാരണകള്‍ ഉണ്ടാകുന്നത്. അതിനാലാണ് ഇവ വിമര്‍ശിക്കപ്പെടുന്നത്. സൂക്ഷ്മമായ ഗവേഷണം നടത്തിയാല്‍ അത്തരം തെറ്റുകള്‍ ഒഴിവാക്കാന്‍ കഴിയും ചന്ദ് വ്യക്തമാക്കി.

ദലിത് വിരുദ്ധവും സ്ത്രീവിരുദ്ധവും ആണെന്നാരോപിച്ച് മനുസ്മൃതി കത്തിച്ചുകളയുന്നതിന് പ്രത്യേക ദിവസം തന്നെ നിലനില്‍ക്കുന്ന ഇന്ത്യന്‍ സാഹചര്യത്തിലാണ് മനുസ്മൃതിയിലെ തെറ്റുകള്‍ തിരുത്താനൊരുങ്ങുന്നത്. 1927 ഡിസംബര്‍ 25ന് ഡോ. ബിആര്‍ അംബേദ്കര്‍ മനുസ്മൃതി കത്തിച്ച ദിവസമാണ് മനുസ്മൃതി ദഹന്‍ ദിവസ് ആയി ആചരിക്കുന്നത്.