ദുബായ്: ഇന്ത്യന്‍ രൂപയുടെ മൂല്യം ഉയര്‍ന്നതോടെ പ്രവാസികള്‍ ഇന്ത്യയിലേക്ക് പണം അയക്കുന്ന തോതില്‍ കുറവ്.കഴിഞ്ഞ മൂന്നു മാസത്തോളമായി വിനിമയ നിരക്ക് കുറഞ്ഞു വരികയാണ്. രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിനിമയ നിരക്കാണ് ഇപ്പോള്‍ രേഖപെടുത്തുന്നത്. ഇന്നലെ ഒമാനിലെ മണി എക്‌സ്‌ചേഞ്ചുകള്‍ നല്‍കിയത് ഒരു ഒമാനി റിയാലിന് 167.14 രൂപയാണ്.

കഴിഞ്ഞ മാസങ്ങളില്‍ ഉയര്‍ന്ന രൂപയുടെ മൂല്യം ഇടിയുമെന്ന് കരുതി നാട്ടിലെക്ക് പണമയക്കാതിരുന്നവര്‍ക്ക് ഇത് തിരിച്ചടിയായി.വരും ദിവസങ്ങളില്‍ ഇന്ത്യന്‍ രൂപ കൂടുതല്‍ ശക്തിപ്പെടുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.മാസങ്ങള്‍ക്ക് മുമ്പ് ഒരു ഒമാനി റിയാലിന് 178 രൂപ വരെ ലഭിച്ച സാഹചര്യത്തിലാണ്, ഇപ്പോള്‍ പത്ത് രൂപയില്‍ അധികം കുറഞ്ഞ് 167.14 രൂപ യില്‍ എത്തി നില്‍ക്കുന്നത് .

ഇന്ത്യന്‍ രൂപയുടെ വിനിമിയ നിരക്ക് ഉയര്‍ന്നത് ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യക്കാര്‍ക്ക് പണവിനിമയം നടത്തുമ്പോള്‍ അത്ര ശുഭകരമായ സാഹചര്യമല്ല ഇപ്പോള്‍ നിലനില്‍ക്കുന്നത്.കൂടാതെ ഗള്‍ഫ് രാജ്യങ്ങളിലെ സാമ്പത്തിക പ്രതിസന്ധി, തൊഴില്‍ മേഖലയെ ബാധിച്ചപ്പോള്‍ ഇന്ത്യയിലേക്കുള്ള പണമൊഴുക്കിലും കുറവുണ്ടായിട്ടുണ്ട്.

ഇതോടൊപ്പം വിനിമയ നിരക്കും കൂടി കുറഞ്ഞതോടെ ഇന്ത്യയിലെത്തുന്ന പണത്തിന്റെ തോത് കുറഞ്ഞു വരുന്നു. അമേരിക്കന്‍ ഡോളറുമായി ആഗസ്തില്‍ ഇന്ത്യന്‍ രൂപക്കുണ്ടായിരുന്ന വിനിമയ നിരക്ക് 63.87 ആണ്. കഴിഞ്ഞ ദിവസം ഇത് 64.11 എന്ന നിലയിലേക്ക് ഉയര്‍ന്നു. രൂപയുടെ മൂല്യം ഉനിയും ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്.