അടുത്ത ആഴ്ച താരം ടീമിനൊപ്പം ചേരുമെന്ന്  ഈസ്റ്റ് ബംഗാള്‍ മാനേജിങ് ഡയറക്റ്റര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

കോല്‍ക്കത്ത: ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തേയും മികച്ച ട്രാന്‍സ്ഫറുകളിലൊന്ന് സ്വന്തമാക്കി ഈസ്റ്റ് ബംഗാള്‍. കോസ്റ്ററിക്കയ്ക്ക് വേണ്ടി റഷ്യന്‍ ലോകകപ്പ് കളിച്ച താരത്തെയാണ് ഈസ്റ്റ് ബംഗാള്‍ സ്വന്താക്കിയിട്ടുള്ളത്. അവരുടെ പ്രതിരോധതാരം ജോണി അക്കോസ്റ്റയാണ് ഐ ലീഗ് പുതിയ സീസണില്‍ ഈസ്റ്റ് ബംഗാളിനായി കളിക്കുക.

ഒരുവര്‍ഷത്തെ കരാറിലാണ് താരം ഒപ്പിട്ടത്. 1.36 കോടി രൂപയ്ക്കാണ് താരം ഇന്ത്യയിലെത്തുകയെന്നും വാര്‍ത്തകള്‍ വരുന്നു. അടുത്ത ആഴ്ച താരം ടീമിനൊപ്പം ചേരുമെന്ന് ഈസ്റ്റ് ബംഗാള്‍ മാനേജിങ് ഡയറക്റ്റര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇന്ത്യയിലെ പഴക്കം ചെന്ന ഏറ്റവും വലിയ ക്ലബുകളിലൊന്നിലേക്ക് ചേക്കേറുന്നതില്‍ ഏറെ സന്തോഷമെന്ന് കോസ്റ്ററിക്കന്‍ താരം പറഞ്ഞു. എനിക്ക് കഴിയാവുന്നതില്‍ മികച്ച പ്രകടനം ക്ലബിനായി പുറത്തെടുക്കണം. മറ്റു ഇന്ത്യന്‍ ഫുട്‌ബോളര്‍മാരെ സഹായിക്കാന്‍ കഴിയുന്നതും സന്തോഷമുള്ള കാര്യമെന്ന് താരം അറിയിച്ചു. ക്ലബിനൊപ്പം കിരീടം നേടുന്നത് സ്വപ്‌നം കാണുന്നുവെന്നും താരം പറഞ്ഞു.

ഇപ്പോള്‍ കൊളംബിയന്‍ ക്ലബ് റിയോനെഗ്രോ അഗ്വിലസിന്റെ താരമാണ് 35കാരന്‍. കല്‍ക്കട്ട ഫുട്‌ബോള്‍ ലീഗ് ആരംഭിക്കുന്നതിന് മുന്‍പ് അക്കോസ്റ്റ ക്ലബിനൊപ്പം ചേരുമെന്നാണ് അറിയുന്നത്. ഈ ലോകകപ്പില്‍ കോസ്റ്ററിക്ക ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായെങ്കിലും മൂന്നു മത്സരങ്ങളിലും ജോണി അകോസ്റ്റ കളത്തില്‍ ഇറങ്ങിയിരുന്നു.

ബ്രസീലിനെതിരായ ഗ്രൂപ്പ് ഘട്ട പോരാട്ടത്തില്‍ നെയ്മറിനെ മാര്‍ക്ക് ചെയ്ത അക്കോസ്റ്റ മികച്ച പ്രകടനമാണ് കാഴ്ച്ചവെചിരുന്നത്. കോസ്റ്റാറിക്കകക്ക് വേണ്ടി 71 തവണ കുപ്പായമണിഞ്ഞ ജോണി അകോസ്റ്റ 2011 മുതല്‍ ടീമിലെ സ്ഥിര സാന്നിധ്യമാണ്.