ദില്ലിയിലെ ബാങ്ക് ഓഫ് ബറോഡ വഴി ആറായിരം കോടി രൂപയുടെ കള്ളപ്പണം കടത്തിയ കേസില്‍ പ്രത്യേകാന്വേഷണസംഘത്തെ നിയോഗിയ്ക്കാനും സുപ്രീംകോടതി ഉത്തരവിട്ടു. വിവിധ ബെഞ്ചുകളിലായി കള്ളപ്പണവും വായ്‌പാ വെട്ടിപ്പുമായി ബന്ധപ്പെട്ട മൂന്ന് കേസുകളാണ് ഇന്ന് സുപ്രീംകോടതിയ്ക്ക് മുന്‍പാകെ വന്നത്. വിദേശത്തെ സ്വത്തുക്കള്‍ക്ക് സംരക്ഷണമാവശ്യപ്പെട്ടാണ് വ്യവസായി വിജയ് മല്യ സുപ്രീംകോടതിയെ സമീപിച്ചത്. മല്യ എന്ന് തിരിച്ചെത്തുമെന്ന കാര്യത്തില്‍ ഉറപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. മല്യയെ ഇന്ത്യയില്‍ തിരിച്ചെത്തിയ്ക്കുകയെന്നതല്ല, ജയിലിലടയ്ക്കുക എന്നതാണ് ബാങ്കുകളുടെ ഉദ്ദേശമെന്നും അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ നിയമത്തില്‍ നിന്ന് ഒളിച്ചോടിയ മല്യയ്ക്ക് ഒരു ഇളവും അനുവദിയ്ക്കരുതെന്ന് ബാങ്കുകള്‍ കോടതിയില്‍ ആവശ്യപ്പെട്ടു. സുപ്രീംകോടതി ഉത്തരവുകള്‍ പോലും ലംഘിച്ച സാഹചര്യത്തില്‍ വിജയ് മല്യയെ തിരിച്ചെത്തിയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വന്തം നിലയില്‍ നടപടികള്‍ തുടങ്ങിയെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയും കോടതിയില്‍ പറഞ്ഞു. തുടര്‍ന്ന് മല്യയുടെയും കുടുംബാംഗങ്ങളുടെയും പേരില്‍ വിദേശത്തുള്ള സ്വത്ത് വിവരങ്ങള്‍ മുഴുവന്‍ ബാങ്കുകള്‍ക്ക് നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.
മല്യയുടെ സ്വത്ത് കണ്ടുകെട്ടുന്ന കാര്യത്തില്‍ ബംഗലുരുവിലെ ട്രൈബ്യൂണല്‍ രണ്ട് മാസത്തിനകം തീരുമാനമെടുക്കണമെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് അദ്ധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. ബാങ്കുകള്‍ ഭീമമായ തുകയുടെ കിട്ടാക്കടം എഴുതിത്തള്ളിയതിനെതിരെ നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയില്‍ ആര്‍ബിഐയ്ക്കും കേന്ദ്രസര്‍ക്കാരിനും സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനമാണ് നേരിടേണ്ടി വന്നത്. വന്‍തുകയുടെ കിട്ടാക്കടം തിരിച്ചുപിടിയ്ക്കാനുള്ള സംവിധാനത്തിന് കാര്യമായ തകരാറുണ്ടെന്ന് ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അദ്ധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. വന്‍വായ്പകള്‍ തിരിച്ചുപിടിയ്ക്കാനുള്ള നിയമത്തില്‍ സമൂലമായ മാറ്റങ്ങള്‍ വരുത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോടും, റിസര്‍വ് ബാങ്കിനോടും, ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനോടും ആവശ്യപ്പെട്ടു. അതേസമയം, ദില്ലിയിലെ ബാങ്ക് ഓഫ് ബറോഡ ശാഖ വഴി ആറായിരം കോടി രൂപയുടെ കള്ളപ്പണം കടത്തിയ മറ്റൊരു കേസില്‍ പ്രത്യേകാന്വേഷണസംഘം രൂപീകരിയ്ക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഹോങ് കോങിലേയ്ക്ക് 6172 കോടി രൂപ കയറ്റുമതിപ്പണത്തിന്റെ പേരില്‍ അയച്ചുവെന്നായിരുന്നു കേസ്.
