ഇടുക്കി: മൂന്നാറില്‍ പരിസ്സിഥിതി പ്രശ്‌നത്തില്‍ നിയമ യുദ്ധത്തിനൊരുങ്ങുന്ന സിപിഐയെ വിമര്‍ശിച്ച് സിപിഎം എംഎല്‍എ എസ് രാജേന്ദ്രന്‍. മൂന്നാറിലെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിക്കണമെന്നാവശ്യപ്പെട്ട് ചെന്നൈ ഹരിത ട്രൈബ്യൂണലില്‍ ഹര്‍ജി നല്‍കിയ സിപിഐ നടപടി ശരിയായില്ലെന്നും നാട്ടുകാരെ കുടിയിറക്കാനുള്ള നീക്കമാണെന്നും രാജേന്ദ്രന്‍ പറഞ്ഞു. 

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ എതിര്‍കക്ഷിയാക്കി സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി.പ്രസാദാണ് ഹര്‍ജി നല്‍കിയത്. പ്രശ്‌നപരിഹാരത്തിനായി സര്‍ക്കാരിന് രാഷ്ട്രീയ ഇച്ഛാശക്തിയില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. പരിസ്ഥിതി ദുര്‍ബല മേഖല നിലനിര്‍ത്തണം, വനം- പതിസ്ഥിതി നിയമങ്ങള്‍ നടപ്പാക്കാന്‍ ഉത്തരവിടണം എന്നിവയാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. രാഷ്ട്രീയ സ്വാധീനമുളള ഉന്നതര്‍ കൈയ്യേറ്റത്തിന് പിന്നിലെന്നും ഹര്‍ജിയില്‍ പറയുന്നു.

മൂന്നാറിലെ എല്ലാ അനധികൃത കെട്ടിടങ്ങളും പൊളിച്ചു നീക്കാന്‍ സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കണം. മൂന്നാറിലെ വനം സംരക്ഷിക്കാന്‍ എല്ലാ പരിസ്ഥിതി നിയമങ്ങളും നടപ്പിലാക്കാന്‍ ഉത്തരവിടണം. പരിസ്ഥിതി മലിനീകരണത്തിനെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാറിനോട് ഉത്തരവിടാന്‍ നിര്‍ദ്ദേശിക്കണം. പാര്‍ക്കുകളും സാങ്ച്യുറികള്‍ക്കും സമീപത്തെ വനമേഖലകള്‍ സംരക്ഷിക്കാന്‍ വിജ്ഞാപനം ഇറക്കാന്‍ കേന്ദ്രസര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കണം തുടങ്ങിയവയാണ് ഹര്‍ജിയില്‍ ഉന്നയിച്ച പ്രധാന ആവശ്യങ്ങള്‍. 

മൂന്നാറിലെ പ്രധാന പ്രശ്‌നം കൈയേറ്റമാണ്. കൈയ്യേറ്റങ്ങള്‍ക്ക് പുറകില്‍ രാഷ്ട്രീയ സ്വാധീനമുള്ള ഉന്നതരാണ്. ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും ബിനാമികളാണ് ഇത്തരം കൈയേറ്റങ്ങള്‍ക്ക് പുറകില്‍ പ്രധാനമായും ഉള്ളത്. മൂന്നാറിലെ യൂക്കാലിപ്‌സ് തോട്ടങ്ങള്‍ പരിസ്ഥിതി നാശം ഉണ്ടാക്കുന്നു. ഇത് വെട്ടിമാറ്റാനുള്ള നടപടികള്‍ ഉണ്ടാകണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. കൊട്ടക്കാമ്പൂര്‍ മേഖലയിലെ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റണമെന്നും കുറിഞ്ഞി ഉദ്യാനം സംരക്ഷിക്കണമെന്നും ഹര്‍ജി ആവശ്യപ്പെടുന്നു. 

പ്രശ്‌ന പരിഹാരത്തിന് സിപിഎം ഭരിക്കുന്ന സര്‍ക്കാറിന് രാഷ്ട്രീയ ഇച്ഛാശക്തിയില്ലെന്നും പരാതിയില്‍ ആരോപണമുണ്ട്. ഹരിത ട്രിബ്യൂണല്‍ നേരത്തെ സ്വമേധയാ എടുത്ത കേസില്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ ഹാജരാകാന്‍ പാടില്ലെന്ന് എജിയുടെ ഭാഗത്ത് നിന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു. ഇതിനെ സിപിഐ ഭരിക്കുന്ന റവന്യൂ വകുപ്പ് എതിര്‍ത്തിരുന്നു.

ഇതേ തുടര്‍ന്ന് സിപിഎം അനുകൂല കര്‍ഷക സംഘം കേസില്‍ സ്വന്തം നിലയില്‍ അഭിഭാഷകനെ വച്ചു. ഇതേ തുടര്‍ന്ന് ഹരിത ട്രീബ്യൂണല്‍ സ്വന്തം നിലയില്‍ എടുത്ത കേസില്‍ കക്ഷി ചേരാതെ മൂന്നാറിന്റെ കാര്യത്തില്‍ സിപിഐ രാഷ്ട്രിയ തീരുമാനം എടുത്തതിനെ തുടര്‍ന്നാണ് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി.പ്രസാദ് ഹരിത ട്രീബ്യൂണലിന് ഹര്‍ജി നല്‍കിയത്.