ഗാനരചയിതാവും കവിയുമായ എസ് രമേശൻ നായര്‍ക്കും അനീസ് സലീമിനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. ജനുവരി 29ന് ദില്ലിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.
ദില്ലി: ഗാനരചയിതാവും കവിയുമായ എസ് രമേശൻ നായര്‍ക്കും അനീസ് സലീമിനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. ശ്രീനാരായണ ഗുരുവിനെ കുറിച്ചുള്ള 'ഗുരുപൗര്‍ണമി' എന്ന കവിത സമാഹാരമാണ് രമേശൻ നായര്‍ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. ഇംഗ്ലീഷ് വിഭാഗത്തിൽ ബ്ളൈന്‍റ് ലേഡീസ് ഡിസെന്‍റൻഡ്സ് (Blind lady's descendants) എന്ന നോവലിനാണ് അനീസ് സലീമിന് പുരസ്കാരം.
ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ജനുവരി 29 ന് ദില്ലിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും. സംഘപരിവാർ സാംസ്കാരിക സംഘടനയായ തപസ്യ കലാസാഹിത്യ വേദിയുടെ സംസ്ഥാന പ്രസിഡണ്ടാണ് രമേശൻ നായർ. കേന്ദ്ര പുരസ്കാരം ലഭിച്ചതിൽ സന്തോഷമെന്ന് എസ് രമേശൻ നായർ പ്രതികരിച്ചു. എന്‍റെ ചെറിയ അറിവിന് ലഭിച്ച വലിയ അംഗീകാരമായി കാണുന്നുവെന്നും ഗുരുവിന്‍റെ ആദർശങ്ങൾ കാലം മനസിലാക്കേണ്ടത് അത്യാവശ്യമാണെന്നും എസ് രമേശൻ നായർ പറഞ്ഞു.
