ശബരിമല സന്നിധാനത്ത് നിറപുത്തരി ചടങ്ങുകള്‍ നടന്നു. നെല്‍കതിരുകള്‍ ശ്രിധര്‍മ്മശാസ്താവിന് സമര്‍പ്പിച്ച് പ്രത്യേക പൂ‍ജകള്‍ നടത്തി. തന്ത്രി കണ്ഠര് രാജിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍.

ഇല്ലംനിറ വല്ലം നിറ ചടങ്ങുകളെ അനുസ്മരിപ്പിച്ചാണ് ശബരിമല സന്നിധാനത്തും നിറപുത്തരിചടങ്ങുകള്‍ നടന്നത്. രാവിലെ 5.40നും ആറ് പത്തിനും ഇടയിലായിരുന്നു ചടങ്ങുകള്‍ കഴിഞ്ഞദിവസം ശബരിമല സന്നിധാനത്ത് ഘോഷയാത്രയായി എത്തിച്ച നെല്‍കതിരുകള്‍‍ പതിനെട്ടാം പടിക്ക് താഴെ പ്രത്യേക പീഠത്തില്‍ സൂക്ഷിച്ചിരുന്നു. നടതുറന്ന് ഗണപതിഹോമത്തന് ശേഷം നെല്‍കതിരുകള്‍ മേല്‍ശാന്തി പരിവാരങ്ങളും ചേര്‍ന്ന് ശിരസ്സിലേറ്റി കിഴക്കേമണ്ഡപത്തിലെത്തിച്ചു. തന്ത്രി തീര്‍ത്ഥം തളിച്ച് ശുദ്ധിവരുത്തി. പിന്നിട് ശ്രീകോവിലിന് ഉള്ളിലേക്ക് കൊണ്ടുപോയി.

അയ്യപ്പവിഗ്രഹത്തിന് ഇരുവശവുമായി വച്ച് പൂജകള്‍ നടത്തി. പുന്നെല്ല് കുത്തിയ അവലും മലരും ഭഗവാന് നിവേദ്യമായി സമര്‍പ്പിച്ചു. ശേഷം പൂജിച്ച നെല്‍കതിരുകള്‍ ശ്രികോവിലിന് മുന്നില്‍ കെട്ടി ദര്‍ശനത്തിന് എത്തിയവര്‍ക്ക് നെല്‍കതിരുകള്‍ പ്രസാദമായി നല്‍കി. തമിഴ്നാട് പമ്പിള്ളി ദേവസ്വത്തിന്‍റെ അധീനതയിലുള്ള വയലുകളില്‍ വിളയിച്ച നെല്‍കതിരുകള്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ ഘോഷയാത്രയായിട്ടാണ് സന്നിധാനത്ത് എത്തിച്ചത്. കൂടാതെ പാലക്കാട് ജില്ലയിലെ നെല്‍വയലുകളില്‍ വിളയിച്ച കതിരുകളും ചടങ്ങിനായി എത്തിച്ചിരുന്നു. നിറപുത്തരി പ്രമാണിച്ച് ഒരുദിവസത്തേയ്‍ക്ക് മാത്രമാണ് ശബരിമല നടതുറന്നത്.