ശബരിമല: ശബരിമലയിലെ കൊടിമരത്തിന് കേടുവരുത്തിയ സംഭവത്തില്‍ ദുരൂഹതയില്ലെന്ന് ഐ ജി മനോജ് എബ്രഹാം. കേസിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങി. കൊടിമരത്തിനുണ്ടായ കേടുപാടുകള്‍ ഇന്ന് പുലർച്ചയോടെ പരിഹരിച്ചു.
ശബരിമലയിലെ കൊടിമരത്തില്‍ മെര്‍ക്കുറി കലര്‍ന്ന ദ്രാവകം ഒഴിച്ചത് ആചാരപ്രകാരമാണെന്നാണ് പിടിയിലായ ആന്ധ്രാ സ്വദേശികള്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. തങ്ങളുടെ പ്രദേശത്ത് പുതിയ നിര്‍മ്മാണം നടന്നാല്‍ ഇത്തരം പൂജകള്‍ ചെയ്യാറുണ്ടെന്നും ഇവര്‍ പറഞ്ഞു. വിജയവാഡയിലും സമീപപ്രദേശങ്ങളിലും ഇത്തരം പൂജകള്‍ നടക്കാറുള്ളതായി പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. പമ്പയില്‍നിന്ന് പത്തനംതിട്ട എ. ആര്‍. ക്യാന്പിലെത്തിച്ച പ്രതികളെ ഐജി. മനോജ് എബ്രഹാമും ചോദ്യം ചെയ്തു. അറസ്റ്റിലായ വെങ്കിട്ട റാവു, സഹോദരന്‍ ഇ എന്‍ എല്‍ ചൗധരി, സത്യനാരായണ റെഡ്ഡി, സുധാകര റെഡ്ഡി, ഉമാമഹേശ്വര റെഡ്ഡി എന്നിവര്‍ വര്‍ഷങ്ങളായി ശബരിമലയില്‍ എത്തുന്നതാണെന്നും പൊലീസിന് വ്യക്തമായി. കുടിപ്പകയോ മറ്റ് ദുരൂഹതകളോ സംഭവത്തിന് പിന്നില്‍ ഇല്ലെന്ന നിഗമനത്തിലാണ് പൊലീസ്.
മതവികാരം വ്രണപ്പെടുത്തിയതിനും പൊതുമുതൽ നശിപ്പിച്ചതിനുമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ദേശീയ തീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയില്‍ പുതിയ കൊടിമരത്തിന് ആദ്യ ദിവസം തന്നെ കേടുവന്ന സാഹചര്യത്തില്‍ കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ആന്ധ്രാ പൊലീസും പത്തനംതിട്ടയിലെത്തും. ശബരിമലയിലെ സുരക്ഷാ വീഴ്ചകളിലേക്കാണ് ഇന്നലത്തെ സംഭവം വിരല്‍ ചൂണ്ടുന്നതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. കൊടിമരത്തിനുണ്ടായ കേടുപാടുകള്‍ ഇന്നലെ രാത്രി തന്നെ പരിഹരിച്ചിരുന്നു.
