ദര്‍ശനത്തിന് ശേഷം മാത്രമേ മലയിറങ്ങൂ എന്ന് മനിതി സംഘം നേതാവ് ശെല്‍വി. മനീതിയുടെ രണ്ടാമത്തെ സംഘവും പമ്പയിലേക്കെത്തുന്നു. പ്രതിഷേധക്കാരും സംഘടിച്ചുകൊണ്ടിരിക്കുകയാണ്.
പമ്പ: ദര്‍ശനം നടത്താതെ തിരിച്ച് പോകില്ലെന്ന് മനിതി സംഘം നേതാവ് ശെല്‍വി. സുരക്ഷ നല്‍കിയാല്‍ പോകുമെന്നും അതുവരെ ഇവിടെ ഇരിക്കുമെന്നും പൊലീസുമായി നടത്തിയ ചര്‍ച്ചയില്‍ അറിയിച്ചതായി ശെല്‍വി പറഞ്ഞു. മനിതിയുടെ നേതൃത്വത്തില്‍ കൂടുതല്‍ സ്ത്രീകള്‍ വരുന്നുണ്ട്. അതിനാല്‍ തന്നെ തിരിച്ച് പോകില്ലെന്ന് ശെല്‍വി മാധ്യമങ്ങളോടും വ്യക്തമാക്കി. ഒപ്പം മനീതിയുടെ രണ്ടാമത്തെ സംഘവും പമ്പയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
തിരിച്ച് പോകില്ലെന്ന നിലപാടില്‍ തന്നെയാണ് സംഘമെന്ന് സംഘത്തിലെ അംഗം തിലകവതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം കൂടുതല്‍ പ്രതിഷേധകരും പമ്പയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. കാനന പാതയില്‍ കുത്തിയിരുന്നാണ് നാമജപ പ്രതിഷേധം. ഇവര്‍ റോഡില്‍ കുത്തിയിരുന്ന് ശരണം വിളിക്കുകയാണ്. സ്ഥലത്ത് ചെറിയ തോതിലുള്ള സംഘര്‍ഷ സാധ്യതയും ഉടലെടുത്തിട്ടുണ്ട്. അതിനിടെ മനിതി സംഘത്തിന്‍റെ ഇരുമുടി കെട്ട് നിറയ്ക്കാന്‍ പൂജാരിമാര്‍ തയ്യാറായില്ല. തുടര്‍ന്ന് സ്വയം ഇരുമുടി കെട്ട് നിറച്ച ശേഷം നടപന്തലിലേക്ക് നടന്നു കയറുന്നതിനിടയിലാണ് കാനനപാതയില്‍ ഇവരെ പ്രധിഷേധകര്‍ തടഞ്ഞത്.
തമിഴ് നാട്ടില്‍ നിന്ന് പുറപ്പെട്ട മനിതി കൂട്ടായ്മയിലെ ഒരു സംഘമാണ് പുലര്‍ച്ചെ പമ്പയിലെത്തിയത്. ശനിയാഴ്ച്ച രാത്രി പതിനൊന്ന് മണിയോടെ കേരളത്തില്‍ പ്രവേശിച്ച സംഘം എരുമേലിയില്‍ പ്രവേശിക്കാതെയാണ് പമ്പയിലെത്തിയത്. പതിനൊന്നംഗ സംഘമാണ് പമ്പയിലെത്തിയത്. ഇവരില്‍ ആറുപേര്‍ മാത്രമേ പതിനെട്ടാംപടി കയറുവെന്ന് മനിതി പ്രതിനിധി സെല്‍വി വ്യക്തമാക്കി. മറ്റുള്ളവര്‍ സഹായത്തിന് എത്തിയതാണെന്നും എല്ലാവരും വിശ്വാസികളാണെന്നും സെല്‍വി അറിയിച്ചു.
ഇതിനിടെ പ്രതിഷേധവും ഭക്തജന തിരക്കും കണക്കിലെടുത്ത് നിലയ്ക്കല്‍ മുതല്‍ പമ്പ വരെയുള്ള ബസ് സര്‍വ്വീസുകള്‍ താത്കാലികമായി നിര്‍ത്തി വച്ചു. സുരക്ഷാ കാര്യങ്ങള്‍ കണക്കിലെടുത്താണ് ഇത്തരമൊരു നടപടി. അഭൂതപൂര്‍വ്വമായ തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. കൂടുതല്‍ ആളുകള്‍ മല കയറുന്നത് സുരക്ഷാ പ്രശ്നങ്ങളുണ്ടാക്കും. ഇത് കുറയ്ക്കാനാണ് താത്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ഒരു മണിക്കൂര്‍ നേരത്തേക്കാണ് നിരോധനം എന്നാണ് അറിയുന്നത്. ഒരു മണിക്കൂറിന് ശേഷം സര്‍വ്വീസ് വീണ്ടും ആരംഭിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
