Asianet News MalayalamAsianet News Malayalam

ശബരിമല കേസ് സുപ്രീംകോടതിയില്‍: പന്തളത്ത് നാമജപ യജ്ഞം

ശബരിമല ഹർജികൾ സുപ്രീംകോടതി പരിഗണിക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ പന്തളത്ത് നാമജപ യജ്ഞം. ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തിലാണ് നാമജപ യജ്ഞം നടക്കുന്നത്. 

sabarimala namajapa yagjam at panthalam
Author
Pandalam, First Published Feb 6, 2019, 10:50 AM IST

പന്തളം: ശബരിമല ഹർജികൾ സുപ്രീംകോടതി പരിഗണിക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ പന്തളത്ത് നാമജപ യജ്ഞം. ശബരിമല കര്‍മ്മസമിതിയുടെയും ക്ഷേത്ര ആചാര സംരക്ഷണ സമിതിയുടെയും നേതൃത്വത്തിലാണ് നാമജപ യജ്ഞം നടക്കുന്നത്. കൊട്ടാരത്തിൽ തിരുവാഭരണം സൂക്ഷിക്കുന്ന മാളികയുടെ പുറത്താണ് നാമജപം നടക്കുന്നത്. രാവിലെ എട്ടരയോടെ ആരംഭിച്ച നാമജപ യജ്ഞം  വിധി വരുന്നതുവരെ തുടരാനാണ് തീരുമാനം. ഭക്തരും പന്തളം കൊട്ടാരത്തിലെ അംഗങ്ങളുമാണ്  നാമജപ യജ്ഞത്തില്‍ പങ്കെടുക്കുന്നത്.

ഇതിനിടെ ശബരിമല ഹർജികളിൽ അനുകൂല വിധിയുണ്ടാകുമെന്ന പ്രതീക്ഷയെന്ന്  പന്തളം കൊട്ടാരം ട്രസ്റ്റ് പ്രസിഡൻറ് പി ജി ശശികുമാർ വർമ്മ പ്രതികരിച്ചിരുന്നു. മറ്റൊരു ബഞ്ചിലേക്ക് മാറിയാലും നല്ലത് സംഭവിക്കുമെന്നാണ് വിശ്വാസം. ഭക്തജനങ്ങളുടെ വികാരം കോടതി ഉൾകൊണ്ടതായി കരുതുന്നുവെന്ന് ശശികുമാർ വർമ്മ പറഞ്ഞു. നാമജപം ആയുധമാക്കാൻ കഴിയുന്നു. എത്തേണ്ട സ്ഥലങ്ങളിൽ ഇത് എത്തുമെന്നും ശശികുമാർ വർമ്മ പറഞ്ഞു. സർക്കാർ ആരെയോ തോൽപ്പിക്കാനാണ് 51 പേർ മലകയറിയെന്ന് പറഞ്ഞത്. ഒടുവിൽ അത് രണ്ടുപേരായി ചുരുങ്ങി. എല്ലാം കള്ളമാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞുവെന്നും ശശികുമാര്‍ വര്‍മ്മ പറഞ്ഞു. 

അതേസമയം, ശബരിമലയുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീംകോടതിയിൽ വാദം തുടങ്ങി. വിധി പുനപരിശോധന ഹര്‍ജികൾക്കൊപ്പം റിട്ട് ഹര്‍ജികളുമാണ് കോടതി പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഭരണഘടന ബെഞ്ചാണ് കേസ് പരിഗണിക്കുക. എൻഎസ്എസ്സിന് വേണ്ടി അഡ്വ. കെ പരാശരനാണ് ഇപ്പോൾ വാദിയ്ക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോടതി നടപടികൾക്ക് കേരളത്തിന്‍റെ രാഷ്ട്രീയത്തിൽ വലിയ പ്രാധാന്യവുമുണ്ട്.

ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വലിയ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ചിരുന്നു. വിധി നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ നീക്കങ്ങൾ കായികമായി തന്നെ തടയാനുള്ള ശ്രമങ്ങളും ഉണ്ടായി. ഇതിനിടയിൽ വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയ ഹര്‍ജികളും പുതിയ റിട്ട് ഹര്‍ജികളുമെല്ലാം ജനുവരി 22ന് പരിഗണിക്കാനാണ് നേരത്തെ സുപ്രീംകോടതി തീരുമാനിച്ചിരുന്നത്. ഭരണഘടന ബെഞ്ചിലെ ജസ്റ്റിസ് ഇന്ദുമൽഹോത്ര മെഡിക്കൽ അവധിയിലായിരുന്നതിനാൽ പുനപരിശോധന ഹര്‍ജികളിലെയും റിട്ട് ഹര്‍ജികളിലെയും തീരുമാനം നീണ്ടുപോയി.

Follow Us:
Download App:
  • android
  • ios