ശബരിമല പ്രശ്‌നത്തില്‍ പ്രതിപക്ഷം സര്‍ക്കാറിനെതിരെ ഇന്ന് നിയമസഭയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തും. ഒന്‍പത് മണിക്ക് ചോദ്യോത്തരവേള മുതല്‍ പ്രതിഷേധിക്കണോ അതോ ശൂന്യവേളയില്‍ പത്ത് മണിക്ക് അടിയന്തിര പ്രമേയം മുതല്‍ മതിയോ എന്ന് പ്രതിപക്ഷം രാവിലെ തീരുമാനിക്കും.

തിരുവനന്തപുരം: ശബരിമല പ്രശ്‌നത്തില്‍ പ്രതിപക്ഷം സര്‍ക്കാറിനെതിരെ ഇന്ന് നിയമസഭയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തും. ഒന്‍പത് മണിക്ക് ചോദ്യോത്തരവേള മുതല്‍ പ്രതിഷേധിക്കണോ അതോ ശൂന്യവേളയില്‍ പത്ത് മണിക്ക് അടിയന്തിര പ്രമേയം മുതല്‍ മതിയോ എന്ന് പ്രതിപക്ഷം രാവിലെ തീരുമാനിക്കും. എട്ടരക്ക് പാര്‍ലമെന്ററി പാര്‍ട്ടി യോഗമുണ്ട്. 

യുവതീപ്രവേശവിധി ഭക്തരെ മറികടന്ന് തിരക്കിട്ട് നടപ്പാക്കാന്‍ ശ്രമിച്ചു. അടിസ്ഥാന സൗകര്യം ഒരുക്കിയില്ല, നിരോധനങ്ങളും നിയന്ത്രണങ്ങളും കൊണ്ട് ഭക്തരെ അകറ്റി എന്നൊക്കെയാകും പ്രതിപക്ഷം വിമര്‍ശനം. നിരോധനാജ്ഞ തുടരാമെന്നും പ്രതിഷേധം പാടില്ലെന്നുമുള്ള ഹൈക്കോടതി നിലപാട് സര്‍ക്കാറിന് വീണുകിട്ടിയ മികച്ച പ്രതിരോധമാണ്.

കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ വിധിയോടുള്ള വ്യത്യസ്ത നിലപാടും ഭരണപക്ഷം ഉന്നയിക്കും. വിധിയേയും സര്‍ക്കാര്‍ നടപടികളെയും വിമര്‍ശിക്കാന്‍ ഒ.രാജഗോപാലിനൊപ്പം ഇനി പിസി ജോര്‍ജ്ജും കൂടി ചേരുന്നതോടെ സഭാതലം വലിയ ബലാബലത്തിനാകും വേദിയാകുക.