ശബരിമല:മണ്ഡലകാല മഹോത്സവത്തിന് അവസാനം കുറിച്ചു കൊണ്ടുള്ള മാളികപ്പുറത്തമ്മയുടെ ശരംകുത്തിയിലേക്കുള്ള ഘോഷയാത്ര ശബരിമലയില്‍ നടന്നു. മകരവിളക്ക് മഹോത്സവം കഴിഞ്ഞ ശേഷം വാദ്യഘോഷങ്ങളോടെ പതിനെട്ടാം പടിയിലേക്ക് എഴുന്നള്ളിയെത്തുന്ന മാളികപ്പുറത്തമ്മ ഭഗവാനോട് വിവാഹഅഭ്യര്‍ത്ഥന നടത്തുന്ന ചടങ്ങാണിത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ശരംകുത്തിയില്‍ ചെന്ന് കന്നിഅയ്യപ്പന്‍മാരെത്തിയോ എന്ന് പരിശോധിക്കാന്‍ ഭഗവാന്‍ ഭഗവതിയോട് നിര്‍ദേശിക്കുന്നു. തുടര്‍ന്ന് ഘോഷയാത്ര ശരംകുത്തിയിലേക്കെത്തുന്നു. ഇവിടെ കന്നിഅയ്യപ്പന്‍മാര്‍ കുത്തിവച്ച ശരങ്ങള്‍ കാണുന്നതോടെ വാദ്യഘോഷങ്ങള്‍ അവസാനിപ്പിച്ചു കൊണ്ട് ഭഗവതി നിരാശയായി മാളികപ്പുറത്തേക്ക് മടങ്ങുന്നുവെന്നാണ് സങ്കല്‍പം. 

മണ്ഡലകാലത്തെ ഭക്തര്‍ക്കുള്ള ദര്‍ശനം ഇന്നത്തോടെ അവസാനിക്കും. ഇന്ന് ഹരിവരാസനം ചൊല്ലി നട അടച്ച ശേഷം മാളികപ്പുറത്ത് ഗുരുതി പൂജ നടക്കും. മലദൈവങ്ങളെ പ്രസാദിപ്പിക്കാനാണ് ഈ ചടങ്ങ്. നാളെ പന്തളം രാജകുടുംബത്തിന്‍റ് പ്രതിനിധി മാത്രമായിരിക്കും അയ്യപ്പനെ ദര്‍ശിക്കുക. തുടര്‍ന്ന് മകരവിളക്കിന് ഭഗവാന് ചാര്‍ത്തിയ തിരുവാഭരണങ്ങള്‍ തിരിച്ചു വാങ്ങി രാജകുടുംബാഗംവും പരിവാരങ്ങളും പന്തളത്തേക്ക് മടങ്ങും. മണ്ഡലകാലത്തിന്‍റെ തിരക്കൊഴിഞ്ഞ് ശബരിമല ശാന്തമാവും.