ആചാരങ്ങൾ പരിഗണിച്ചും വിശ്വാസി സമൂഹത്തിന്‍റെയും തന്ത്രിയുടെയും  പന്തളം കൊട്ടാരത്തിന്‍റയുമെല്ലാം അഭിപ്രായങ്ങൾ സമന്വയിപ്പിച്ചുമായിരിക്കും സത്യവാങ്മൂലം നൽകുകയെന്നാണ് ബോർഡ് വിശദീകരണം

പന്തളം: ശബരിമല സ്ത്രീപ്രവേശന കേസിൽ സുപ്രീം കോടതിയിൽ പുതിയ സത്യവാങ്മൂലം നൽകാൻ ഒരുങ്ങി ദേവസ്വം ബോർഡ്. സത്യവാങ്മൂലം സമർപ്പിക്കാൻ ബോർഡ് കോടതിയോട് സമയം തേടും. പന്തളത്ത് ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

സ്ത്രീപ്രവേശന വിഷയത്തിൽ അധിക സത്യവാങ്മൂലം നൽകാൻ അനുവദിക്കണമെന്നാണ് ബോർഡിന്‍റെ ആവശ്യം. കോടതിയിൽ അഭിപ്രായം പറയാൻ പുതിയ ബോർഡിന് അവസരം ലഭിച്ചിട്ടില്ലെന്നും ഇതിനുള്ള സാധ്യതകൾ തേടണമെന്നുമാണ് പന്തളത്ത് ചേർന്ന അടിയന്തിര യോഗത്തിൽ ഉയർന്ന നിർദേശം. ആചാരങ്ങൾ പരിഗണിച്ചും വിശ്വാസി സമൂഹത്തിന്‍റെയും തന്ത്രിയുടെയും പന്തളം കൊട്ടാരത്തിന്‍റയുമെല്ലാം അഭിപ്രായങ്ങൾ സമന്വയിപ്പിച്ചുമായിരിക്കും സത്യവാങ്മൂലം നൽകുകയെന്നാണ് ബോർഡ് വിശദീകരണം. 

സുപ്രീം കോടതി വിധി എന്തായാലും നടപ്പാക്കാൻ ബാധ്യസ്ഥരാണെന്ന് പറഞ്ഞ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കേന്ദ്ര സർക്കാരും ഹൈന്ദവ സംഘടനകളും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും പറഞ്ഞു. വികാരപരമായി കാണാതെ ഏകാഭിപ്രായത്തിനാണ് ശ്രമമെന്നും എ.പത്മകുമാർ കൂട്ടിച്ചേർത്തു. ദേവസ്വം ബോർഡ് പ്രസിഡന്‍റ് ചികിത്സയിലായതിനാലാണ് ബോർഡ് യോഗം പന്തളത്ത് ചോർന്നത്.