ക്ഷേത്രം പൊതുസ്വത്താണ് പൊതുസ്വത്താണെങ്കിൽ അവിടെ എല്ലാ പൗരൻമാർക്കും അവിടെ പ്രവേശിക്കാൻ സാധിക്കണം. സ്ത്രീകളെ മാറ്റി നിർത്തുന്നത് തൊട്ടുകൂടായ്മയാണെന്ന പരാമർശവും സുപ്രീംകോടതി നടത്തിയിട്ടുണ്ട്.
ദില്ലി: ശബരിമലയിൽ പത്തിനും അൻപതിനുമിടയിൽ പ്രായമുള്ള സ്ത്രീകളെ വിലക്കിയ ദേവസ്വം ബോർഡ് ഭരണസമിതിയുടെ നടപടിയെ വിമർശിച്ച് സുപ്രീംകോടതി. ഇതുസംബന്ധിച്ച വിജ്ഞാപനത്തെ ചോദ്യം ചെയ്ത സുപ്രീകോടതി എന്തടിസ്ഥാനത്തിലാണ് സ്ത്രീകൾ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് വിലക്കി ഇങ്ങനെയൊരു വിജ്ഞാപനം പുറപ്പെടുവിച്ചതെന്നും ആരാഞ്ഞു.
സ്ത്രീകൾക്ക് ആർത്തവം നടക്കുന്ന കാലഘട്ടം എന്നതിന്റെ അടിസ്ഥാനത്തിലാണ് പത്ത് വയസ്സ് മുതൽ അൻപത് വയസ്സ് വരെയുള്ള സ്ത്രീകൾക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തിയതെന്ന് അമിക്കസ് ക്യൂറി വിശദീകരിച്ചു. എന്നാൽ പത്ത് വയസ്സിന് മുൻപേ പെൺകുട്ടികൾക്ക് ആർത്തവം ആരംഭിക്കാമെന്നും അൻപത് വയസ്സ് കഴിഞ്ഞ സ്ത്രീകളിൽ ആർത്തവം തുടരാം എന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ക്ഷേത്രം ഒരിക്കലും സ്വകാര്യസ്വത്തായി വ്യാഖ്യാനിക്കാനാവില്ല. ക്ഷേത്രം പൊതുസ്വത്താണ് പൊതുസ്വത്താണെങ്കിൽ അവിടെ എല്ലാ പൗരൻമാർക്കും അവിടെ പ്രവേശിക്കാൻ സാധിക്കണം. സ്ത്രീകളെ മാറ്റി നിർത്തുന്നത് തൊട്ടുകൂടായ്മയാണെന്ന പരാമർശവും സുപ്രീംകോടതി നടത്തിയിട്ടുണ്ട്.
അതിനിടെ ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണ്ട എന്ന മുൻനിലപാട് മാറ്റി പറഞ്ഞ കേരളത്തെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു. സ്ത്രീകളെ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ കേരളം അടിക്കടി നിലപാട് മാറ്റിയതാണ് സുപ്രീംകോടതിയെ പ്രകോപിപ്പിച്ചത്. ശബരിമലയിലെ ആചാരങ്ങള്‍ മാനിച്ചു കൊണ്ട് അവിടെ സ്ത്രീകളെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന നിലപാടാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നേരത്തെ സുപ്രീംകോടതിയില്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാം എന്നായിരുന്നു പിണറായി സര്‍ക്കാരിന്‍റെ നയം.
ഇക്കാര്യം ഇന്ന് കേരളം സുപ്രീംകോടതിയെ അറിയിച്ചപ്പോള്‍ ആണ് കോടതിയുടെ വിമര്‍ശനമുണ്ടായത്. കേരളം എന്തിനാണ് ഇങ്ങനെ അടിക്കടി നിലപാട് മാറ്റുന്നതെന്ന് സുപ്രീംകോടതി ചോദിച്ചു. കേരളം എപ്പോഴും നിലപാട് മാറ്റുകയാണെന്നും ഇത് നാലാം തവണയാണ് കേസില്‍ കേരളം നിലപാട് മാറ്റുന്നതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
അതിനിടെ ആർത്തവത്തിന്റെ പേരിൽ സത്രീകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത് സ്വകാര്യതയുടെയും അന്തസിന്റെയും ലംഘനമാണെന്ന് അമിക്കസ്ക്യൂറി നിരീക്ഷിച്ചു. സ്ത്രീകൾളുടെപ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തി കൊണ്ടുള്ള വിജ്ഞാപനത്തിൽ വ്യക്തതയില്ലെന്നും അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി. പ്രായവും ആർത്തവവും കൂട്ടിക്കെട്ടിയുള്ള വിലക്ക് ഭരണഘടന വിരുദ്ധമായ വിവേചനമാണെന്ന് കോടതിയും നിരീക്ഷിച്ചു.
നേരത്തെ വി.എസ് സര്‍ക്കാരിന്‍റെ കാലത്ത് സ്ത്രീപ്രവേശന വിഷയം സുപ്രീംകോടതിയിലെത്തിയപ്പോള്‍ ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാം എന്ന നിലപാടായിരുന്നു അന്ന് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. എന്നാല്‍ 2011-ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ഇൗ നിലപാട് മാറ്റി. വിശ്വാസികളുടെ വികാരത്തേയും പരമ്പരാഗത ആചാരങ്ങളേയും മാനിച്ചു കൊണ്ട് ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കേണ്ടതില്ല എന്ന നിലപാടാണ് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് സുപ്രീംകോടതിയിൽ കേരളം സ്വീകരിച്ചത്. എന്നാൽ പിന്നീട് അധികാരത്തിൽ വന്ന പിണറായി സർക്കാർ ഇൗ തീരുമാനം പിൻവലിക്കുകയും വി.എസ് സർക്കാരിന്റെ നയം പിന്തുടരുകയുമായിരുന്നു.
നേരത്തെ ശബരിമല ക്ഷേത്രം പൊതുക്ഷേത്രമാണെങ്കിൽ എല്ലാവർക്കും ഒരുപോലെ ആരാധന നടത്താൻ കഴിയണമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. എന്തിന്‍റെ അടിസ്ഥാനത്തിലാണ് സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാതിരിക്കുന്നത് സുപ്രീംകോടതി ചോദിച്ചു. പൊതുജനത്തിനായി ശബരിമല തുറന്നിട്ടുണ്ടെങ്കിൽ എല്ലാവർക്കും പോകാനാകണം അല്ലെങ്കിൽ അത‌് ഭരണഘടന വിരുദ്ധമാകുമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
കേസിൽ ഹർജിക്കാരുടെ വാദം ഉച്ചയ്ക്ക് മുൻപേ കഴിഞ്ഞു.ശേഷം അമിക്കസ് ക്യൂറിയും തന്റെ റിപ്പോർട്ട് അവതരിപ്പിച്ചു. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണം എന്നാവശ്യപ്പെട്ട് യംഗ് ലോയേഴ്സ് യൂണിയന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഇക്കാര്യങ്ങള്‍ പറഞ്ഞത്. അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ദേവസ്വം ബോർഡിന്റെ അധികാരങ്ങളിൽ ഇടപെടില്ലെന്നും സ്ത്രീപ്രവേശനത്തിലെ നിയമപ്രശ്നങ്ങൾ മാത്രമാണ് പരിഗണിക്കുന്നതെന്നും നേരത്തെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
