Asianet News MalayalamAsianet News Malayalam

രാമായണം ദക്ഷിണേഷ്യന്‍ പാരമ്പര്യം;മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി രാമായണമാസം ആചരിക്കുന്നതില്‍ തെറ്റില്ല: കെ സച്ചിദാനന്ദന്‍

  • ബംഗ്ലാദേശിലെയും മലേഷ്യയിലെയും മുസ്ലിം നാടക ട്രൂപ്പുകള്‍ രാമായണം അവതരിപ്പിച്ചു കണ്ടിട്ടുണ്ട്
  • ബുദ്ധിസ്റ്റുകള്‍ക്കും ജൈനര്‍ക്കും അവരുടെ രാമായണങ്ങള്‍ ഉണ്ട്
  • കേരളത്തില്‍ തന്നെ മാപ്പിള രാമായണവും വയനാടന്‍ രാമായണവും ഉള്‍പ്പെടെ 29 രാമായണപാഠങ്ങള്‍ ഉണ്ട്
sachidanandan comments on marxist party celebration ramayana month
Author
First Published Jul 11, 2018, 4:02 PM IST

തിരുവനന്തപുരം: കേരളത്തിലെ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി രാമായണമാസം ആചരിക്കുന്നതില്‍ തെറ്റ് കാണുന്നില്ല. പക്ഷെ അത് നടപ്പ് ആചാരത്തിന്റെ വഴിയില്‍ തന്നെയെങ്കില്‍ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെയാണ് ശക്തിപ്പെടുത്തുകയെന്ന് എഴുത്തുകാരനും കവിയുമായ കെ സച്ചിദാനന്ദന്‍. ഇന്ത്യയിലെ രാമായണപാരമ്പര്യത്തിന്റെ വൈവിധ്യം ബോധ്യപ്പെടുത്തി ഹിന്ദുത്വവാദികള്‍ പറയുന്ന ഏകശിലാരൂപമായ ഇന്ത്യ എന്ന ജനാധിപത്യ വിരുദ്ധ ആശയത്തിനെതിരെ ഇന്ത്യന്‍ ജനസംസ്കൃതിയുടെ നാനാത്വം ജനങ്ങളില്‍ എത്തിക്കാന്‍ ഇത് നല്ല അവസരമാണ്.

കാരണം രാമായണം ഒരു ദക്ഷിണേഷ്യന്‍ പാരമ്പര്യമാണ്, അത് ഹിന്ദുക്കളുടെതു മാത്രമല്ല. ബംഗ്ലാദേശിലെയും മലേഷ്യയിലെയും മുസ്ലിം നാടക ട്രൂപ്പുകള്‍ രാമായണം അവതരിപ്പിച്ചു കണ്ടിട്ടുണ്ട്. ബുദ്ധിസ്റ്റുകള്‍ക്കും ജൈനര്‍ക്കും അവരുടെ രാമായണങ്ങള്‍ ഉണ്ട്. ഇന്ത്യന്‍ രാമായണ പാരമ്പര്യത്തിന്റെ ഏറ്റവും നല്ല പഠനം നടത്തിയത് ബെല്‍ജിയന്‍ പാതിരി ആയിരുന്ന ഫാദര്‍ കാമില്‍ ബുല്‍ക്കെ ആണെന്നും കെ സച്ചിദാനന്ദൻ വിശദമാക്കുന്നു.

കേരളത്തില്‍ തന്നെ മാപ്പിള രാമായണവും വയനാടന്‍ രാമായണവും ഉള്‍പ്പെടെ 29 രാമായണപാഠങ്ങള്‍ ഉണ്ട്. മുന്നൂറു രാമയണങ്ങളെപ്പറ്റി ഏ കെ രാമാനുജന്‍ എഴുതി, എന്നാല്‍ അതിനേക്കാള്‍ എത്രയോ കൂടുതല്‍ രാമായണങ്ങള്‍ ഉണ്ട്. പലതിലും സീത രാവണപുത്രിയോ രാമസഹോദരിയോ ആണ്. വാല്മീകി രാമനെക്കാള്‍ അനീതിക്ക് ഇരയായ സീതയുടെ ഭാഗത്താണ്. ഒരു ഭീലി രാമായണത്തില്‍ യുദ്ധമേ ഇല്ല- രാവണന്‍ സീതയെ തിരിച്ചു കൊടുത്തു മാപ്പ് ചോദിക്കുന്നു. രാമന്‍ സന്യാസി ആയതിനാല്‍ ലക്ഷ്മണന്‍ രാവണനെ കൊല്ലുന്ന രാമായണം ഉണ്ട്. അങ്ങിനെ ആയിരം രാമായണങ്ങള്‍. രാമായണത്തെ ഒരു മതപാഠം ആക്കാതെ ഒരു സെക്യുലര്‍ എപ്പിക് ആയി അവതരിപ്പിക്കാന്‍ ആണ് ശ്രമിക്കേണ്ടത്. ഫേസ്ബുക്ക് കുറിപ്പിലാണ് ഈ വിവരങ്ങള്‍ കെ സച്ചിദാനന്ദന്‍ പങ്കുവക്കുന്നു.


ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

 

Follow Us:
Download App:
  • android
  • ios