ദുബായ്: ആരാധകരെപോലെ തന്നെ, തന്നെ കുറിച്ചുള്ള സിനിമയ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് സച്ചിന്‍ടെന്‍ഡുള്‍ക്കര്‍. വര്‍ഷങ്ങള്‍ ക്രീസില്‍ നില്‍ക്കാം, പക്ഷെ അഭിനയം നമുക്ക് പറ്റിയ പണിയല്ലെന്നും 'സച്ചിന്‍ എ ബില്യണ്‍ഡ്രീംസിന്റെ' പ്രചരാണാര്‍ത്ഥം ദുബായിലെത്തിയ ടെന്‍ഡുള്‍ക്കര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

കാത്തിരിപ്പുകള്‍ക്ക് വിരാമം... സച്ചിന്‍ എ ബില്യണ്‍ ഡ്രീംസിന്റെ വിശേഷങ്ങളുമായി സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുള്‍ക്കര്‍ തന്നെ ദുബായില്‍ മാധ്യമങ്ങള്‍ക്കുമുന്നിലെത്തി. തന്നെ ഇഷ്ടപ്പെടുന്ന ലോകമെമ്പാടുമുള്ള ആരാധകരെപോലെതന്നെ താനും ഏറെ ആകാക്ഷയോടെയാണ് സിനിയെ കാത്തിരിക്കുന്നതെന്ന് സച്ചിന്‍ പറഞ്ഞു. ക്രിക്കറ്റ് പിച്ചിലെ രണ്ട് പതിറ്റാണ്ടിലേറെ നീണ്ട ജീവിതത്തിനപ്പുറമുള്ള ചില രഹസ്യങ്ങളും വെള്ളിത്തിരയിലൂടെ പ്രേക്ഷകര്‍ക്കറിയാം. 

സച്ചിന്‍ എന്ന ബാലനില്‍ നിന്ന് സച്ചിനെന്ന അതുല്യ ക്രിക്കറ്ററിലേക്കുള്ള പരിവര്‍ത്തനമാണ് സിനിമയുടെ ഇതിവൃത്തം. സച്ചിന്റെ ചില കളികളിലെ ബാറ്റിംഗ് പ്രകടനവും സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ കാമറകള്‍, ഏറ്റവും കൂടുതല്‍ മണിക്കൂറുകള്‍ ഒപ്പിയെടുത്തയാള്‍ക്ക് സിനിമയില്‍ പൂര്‍ണമായി അഭിനയിക്കാമായിരുന്നില്ലേയെന്ന് ചോദ്യത്തിന് മറുപടിയായി അഭിനയം പറ്റിയ പണിയല്ലെന്ന് സച്ചിന്‍ പറഞ്ഞു. 

സച്ചിനൊപ്പം വീരേന്ദ്ര സെവാഗും ധോണിയുമടക്കമുള്ള സഹപ്രവര്‍ത്തകരും കൂട്ടുകാരും ഡോക്യുഫിക്ഷന്‍ രീതിയില്‍ തയ്യാറാക്കിയ സിനിമയിലൂടെ സ്‌ക്രീനിലെത്തും. എട്ടുമാസം പിറകേ നടന്നാണ് ഇഗ്ലീഷുകാരനായ സംവിധായകന്‍ ജെയിംസ് എക്‌സിന്‍ സച്ചിന്റെ സമ്മതം നേടിയെടുത്തതെന്ന് നിര്‍മ്മാതാവ് രവി ഭാഗ്ചന്ദ പറഞ്ഞു. എആര്‍ റഹ്മാന്റേതാണ് സംഗീതം.'സച്ചിന്‍, എ ബില്യണ്‍ ഡ്രീംസ്' ഈ മാസം 25ന് തിയറ്ററിലെത്തുമ്പോള്‍ മറ്റൊരു ലോകകപ്പിന് കാത്തിരിക്കുന്ന പ്രതീതിയിലാണ് ആരാധകര്‍.