ദില്ലി: വിവാദ മുസ്‌ലിം പ്രഭാഷകന്‍ സക്കീര്‍ നായിക്കിന്‍റെ തലയറുക്കുന്നവര്‍ക്ക് 50 ലക്ഷം രൂപ പ്രതിഫലം നല്കുമെന്ന് ഹൈന്ദവ നേതാവ് സാധ്വി പ്രാചി. നായിക് മുസ്‌ലിം മത പ്രഭാഷകന്‍ അല്ലെന്നും തീവ്രവാദിയാണെന്നും സാധ്വി ഉത്തരാഖണ്ഡില്‍ മാധ്യമപ്രവര്‍ത്തരോട് പ്രതികരിച്ചു. 

വിഎച്ച്പി മുന്‍ നേതാവായ സാധ്വി സ്വന്തം കൈയില്‍നിന്നെടുത്താണ് പ്രതിഫലം നല്കുകയെന്നും അറിയിച്ചു. അതേസമയം, പ്രതിഫലം പ്രഖ്യാപിച്ചതിനു പിന്നാലെ തനിക്ക് ഭീഷണി ഉണ്ടായതായി സ്വാധി പ്രാചി അറിയിച്ചു. ഷാഹിദ് എന്നു സ്വയം പരിചയപ്പെടുത്തിയ ആളാണ് ഫോണിലൂടെ തന്നെ ഭീഷണിപ്പെടുത്തിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

ഷിയ വിഭാഗത്തില്‍പെട്ട ഹുസൈനി ടൈഗേഴ്‌സും നായികിന്‍റെ തലയ്ക്കു വില പറഞ്ഞിരുന്നു. ഹുസൈനി ടൈഗേഴ്‌സ് തലവന്‍ സയീദ് ഖല്‍ബ് ഹുസൈന്‍ നഖ്‌വി, നായിക്കിന്‍റെ തലയ്ക്ക് 15 ലക്ഷം രൂപയാണ് പ്രതിഫലം അറിയിച്ചത്. ഫേസ്ബുക്കിലൂടെയാണ് ഹുസൈന്‍ നഖ്‌വി ഇക്കാര്യം അറിയിച്ചത്. 

ബംഗ്ലാദേശിലെ ധാക്കയില്‍ ഹോട്ടല്‍ കഫേയില്‍ ഭീകരാക്രമണം നടന്നതിനുപിന്നാലെയാണ് സക്കീര്‍ നായിക് വിവാദ പുരുഷനായത്. ആക്രമണം നടത്തിയ ഭീകരരില്‍ ഒരാള്‍ നായിക്കിന്റെ മത പ്രഭാഷണം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.