പമ്പയിൽ ആന്ധ്രസ്വദേശിയായ കുട്ടി മുങ്ങിമരിച്ചതിന് പിന്നാലെ സുരക്ഷാ മുൻകരുതലുമായി അധികൃതർ. നദീതീരത്ത് കൂടുതൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു.

പത്തനംത്തിട്ട: പമ്പയിൽ ആന്ധ്രസ്വദേശിയായ കുട്ടി മുങ്ങിമരിച്ചതിന് പിന്നാലെ സുരക്ഷാ മുൻകരുതലുമായി അധികൃതർ. നദീതീരത്ത് കൂടുതൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു. ദുരന്ത നിവാരണ സേനയുടെ ബോട്ട് നദിയിൽ പരിശോധനക്കായി ഇറക്കി.

കഴിഞ്ഞ ദിവസമാണ് പമ്പയിൽ കുളിക്കാനിറങ്ങിയ ആന്ധ്ര സ്വദേശിയായ കുട്ടി മരിച്ചത്. നദിയിലെ മണൽ നീക്കം ചെയ്ത സ്ഥലത്തുള്ള കുഴിയിൽ അകപ്പെട്ടുപോയതാണ് അപകടകാരണമെന്ന് പരാതി ഉയർന്നിരുന്നു. അപകടം തടയുന്നതിന്‍റെ ഭാഗമായി ത്രിവേണി പാലം മുതൽ ആശുപത്രിവരെയുള്ള നദിതീരത്താണ് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചത്. വാട്ടർ അതോറിറ്റിയാണ് ബോർഡുകൾ സ്ഥാപിച്ചത്. കുളിക്കാനിറങ്ങുന്നവർക്ക് പൊലീസ് മുന്നറിയിപ്പും നൽകുന്നുണ്ട്. 

പമ്പയിൽ ക്യാമ്പ് ചെയ്യുന്ന ദുരന്ത നിവാരണ സേനാംഗങ്ങൾ ഡിങ്കി ബോട്ട് ഇറക്കി ആഴമേറിയ സ്ഥലങ്ങൾ കണ്ടെത്താനായി പരിശോധന നടത്തി. ദുരന്ത നിവാരണ സേനയുടെ 42 അംഗ സംഘമാണ് പമ്പയിലുള്ളത്. മരിച്ച കുട്ടിയുടെ കുടുംബത്തിന് ഇൻഷൂറൻസ് തുക ലഭ്യമാക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് പറഞ്ഞു. തീർത്ഥാടകരുടെ തിരക്ക് കൂടി വരുന്ന സാഹചര്യത്തിൽ കുട്ടികൾ കൂട്ടംതെറ്റാതിരിക്കാനായി പൊലീസ് മൊബൈൽ ഫോൺ നമ്പ‍ർ ടാഗ് ചെയ്യുന്നുണ്ട്. ക്രമസമാധാന പ്രശ്നം കുറഞ്ഞ പശ്ചാതലത്തിൽ പൊലീസ് സേനാംഗങ്ങളുടെ എണ്ണം പമ്പയിൽ പലയിടത്തും കുറച്ചു.