ഈടാക്കുന്നത് 45 രൂപ വരെ അധികം മെഡിക്കല്‍ ഷോപ്പുകള്‍ കൊള്ളലാഭമെടുക്കുന്നു

കോഴിക്കോട്: നിപയുടെ ഭീതിയിൽ മാസ്ക്ക് വില്‍പ്പന പൊടിപൊടിക്കുമ്പോള്‍ തോന്നിയ വിലയാണ് മെഡിക്കല്‍ ഷോപ്പുകള്‍ ഈടാക്കുന്നത്. 45 രൂപ വരെ ഒരു മാസ്ക്കിന് അധിക വില വാങ്ങുന്ന മെഡിക്കല്‍ ഷോപ്പുകള്‍ കോഴിക്കോട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അന്വേഷണത്തിലാണ് ഇത് വെളിച്ചത്തിലായത്.

ഫെയ്സ് മാസ്ക്കുകള്‍ക്ക് വില കൂട്ടി വില്‍ക്കുന്നു എന്ന സൂചനയില്‍ നിന്നാണ് അന്വേഷണം ആരംഭിച്ചത്. കൂടുതല്‍ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്ന എന്‍ 95 മാസ്ക്കിന് കോഴിക്കോട് നഗരത്തില്‍ 80 രൂപ മുതല്‍ മുകളിലോട്ടാണ് വില. വിവിധ കമ്പനികളുടേത് ആയതുകൊണ്ടാണ് വില വ്യത്യാസമെന്ന് ന്യായം പറയാം. എന്നാല്‍ ഒരേ കമ്പനിയുടെ മാസ്ക്കിന് പരമാവധി വിലയിലും 45 രൂപ വരെ മെഡിക്കല്‍ ഷോപ്പുകള്‍ അധികം ഈടാക്കുന്നുണ്ട്.

ഈ കമ്പനിയുടെ മാസ്ക്ക് പരമാവധി 105 രൂപക്കേ വില്‍ക്കാവൂ എന്ന് മറ്റൊരു മെഡിക്കല്‍ ഷോപ്പ് ജീവനക്കാരന്‍ തന്നെ വ്യക്തമാക്കി. പരമാവധി വില പെട്ടിയില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ ഒന്നും രണ്ടും മാസ്ക്കുകള്‍ വാങ്ങുന്നവര്‍ ഈ പെട്ടി കാണുന്നില്ല. അതുകൊണ്ട് വില അറിയുന്നുമില്ല. ഇതാണ് കച്ചവടക്കാര്‍ ചൂഷണം ചെയ്യുന്നത്. സാധാരണ മാസ്ക്കുകളുടെ വില്‍പ്പനയിലും ചൂഷണമുണ്ട്. മൂന്നും നാലും രൂപയ്ക്ക് വില്‍ക്കാവുന്ന മാസ്ക്കിന് വില ഏഴ് രൂപ വരെയാണ്.