കൊച്ചി: ചേറായിയില്‍ നടക്കുന്ന സഹോദരവര്‍ഷം കൂടിച്ചേരലില്‍ അവതരിപ്പിക്കുന്ന നൃത്തച്ചുവടുകള്‍ പരിശീലിപ്പിക്കാന്‍ ടീസര്‍ വീഡിയോ പുറത്തിറക്കി. സഹോദരവര്‍ഷം കൂടിച്ചേരലിന്റെ മൂന്നാം ദിവസമായ ഒക്‌ടോബര്‍ രണ്ടിനാണ് ആട്ടച്ചുവടുകള്‍ എന്ന പേരില്‍ നൃത്തം അരങ്ങേറുന്നത്. കലാപരിപാടികളോട് അനുബന്ധിച്ചാണ് നൃത്തം അരങ്ങേറുന്നത്. ഇതിന്റെ ചുവടുകള്‍ ചിട്ടപ്പെടുത്തിയത് പ്രമുഖ കൊറിയോഗ്രാഫര്‍ സജ്ന നജാം ആണ്. ഫാസിസത്തിനെതിരായ പ്രചരണ പരിപാടി എന്ന നിലയിലാണ് സഹോദര വര്‍ഷം കൂട്ടായ്‌മ സംഘടിപ്പിച്ചിരിക്കുന്നത്. ചെറായി ബീച്ചില്‍ സെപ്റ്റംബര്‍ 30 മുതല്‍ ഒക്‌ടോബര്‍ രണ്ടുവരെയാണ് പരിപാടി. മിശ്രഭോജനത്തില്‍നിന്ന് തുല്യനീതിയിലേക്ക് എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സോണി സോറിയാണ് സഹോദരവര്‍ഷം കൂട്ടായ്‌മ ഉദ്ഘാടനം ചെയ്യുന്നത്. ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്, സതീഷ് ദേശ്‌പാണ്ഡെ തുടങ്ങിയ പ്രമുഖര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും.