കൊച്ചി: നിരവധി വിജിലന്‍സ് കേസുകളില്‍ പ്രതിയായ സജി ബഷീര്‍ കെല്‍പാം എം.ഡിയായി ചുമതലയേറ്റു. സജി ബഷീറിന് ഒരു പൊതുമേഖല സ്ഥാനത്തിലും നിയമനം നല്‍കില്ലെന്ന് കാണിച്ച് നേരത്തെ വ്യവസായ വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെ കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് വാങ്ങിയാണ് തിരികെയെത്തിയത്.

എന്നാല്‍ സജി ബഷീര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് കാണിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കും. അഡീ. അഡ്വ. ജനറല്‍ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചു. . നിയമനത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. 

സജി ബഷീറുമായി ബന്ധപ്പെട്ട ഫയലുകള്‍ ഹാജരാക്കാന്‍ മന്ത്രി എസി മൊയ്തീന്‍ നിര്‍ദേശം നല്‍കിട്ടുണ്ട്. വകുപ്പിന് സംഭവിച്ച വീഴ്ച മന്ത്രി പരിശോധിക്കും. അഴിമതി കേസില്‍ പ്രതിയായ സജിയ്‌ക്ക് അനുകൂല കോടതി വിധി ലഭിക്കാന്‍ കാരണം വ്യവസായ വകുപ്പ് ഒത്തുകളിച്ചതാണെന്നാണ് പുതിയ ആരോപണം.

സിഡ്‌കോ മുന്‍ എംഡി ആയിരുന്ന സജി ബഷീറിനെതിരെ പത്തിലധികം വിജിലന്‍സ് അന്വേഷണങ്ങളാണ് നടന്നത്. സിഡ്‌കോയിലെയും കെഎസ്‌ഐഇയിലെയും അനധികൃത നിയമനങ്ങള്‍, കടവന്ത്രയിലെ ഭൂമികൈമാറ്റം, സര്‍ക്കാര്‍ ഭൂമി സ്വന്തം പേരില്‍ മാറ്റിയത് എന്നിവയാണ് മറ്റു പ്രധാന കേസുകള്‍. വിജിലന്‍സ് ശുപാര്‍ശ ചെയ്തതിന്‍റെ അടിസ്ഥാനത്തില്‍ സജി ബഷീറിനെ സര്‍ക്കാര്‍ പുറത്താക്കിയിരുന്നു. ഇക്കാര്യങ്ങളെല്ലാം നിലനില്‍ക്കുമ്പോഴും സജി ബഷീറിന് ഹൈക്കോടതിയില്‍ അനുകൂല വിധി ലഭിച്ചതാണ് ആരോപണങ്ങല്‍ ഉയരാന്‍ കാരണമായത്.