പ്രകോപനപരമായ പ്രസ്താവനയുമായി ബിജെപി എംപി സാക്ഷി മഹാരാജ് വീണ്ടും രംഗത്ത്. നരേന്ദ്ര മോദിയുടെ കബറിസ്ഥാന്‍ പരാമര്‍ശത്തെ ഏറ്റെടുത്ത സാക്ഷി മഹാരാജ് 20 കോടി മുസ്ലീങ്ങള്‍ക്ക് കബറൊരുക്കാന്‍ രാജ്യത്ത് സ്ഥലമെവിടെയന്ന് ചോദിച്ചു. മൃതദേഹങ്ങളെല്ലാം ദഹിപ്പിച്ചാൽ മതിയെന്ന് സാക്ഷി മഹാരാജ് കൂട്ടിച്ചേര്‍ത്തു.

ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിലേയ്ക്ക് കടക്കുന്പോള്‍ നിയന്ത്രണങ്ങളെല്ലാം വിടുകയാണ് ബിജെപിയുടെ ധ്രുവീകരണ നീക്കം. കബറിസ്ഥാന്‍ നിര്‍മിച്ചാൽ ശ്മശാനവും നിര്‍മിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശം വലിയ വിവാദമായതൊന്നും പാര്‍ട്ടി കാര്യമാക്കുന്നില്ല. മോദിയുടെ പരാര്‍ശത്തെ തീവ്ര ഭാഷയിൽ ഏറ്റെടുക്കുകയാണ് വിവാദ പ്രസ്താവനകള്‍ തുടര്‍ച്ചയായി നടത്തുന്ന ഉന്നാവോ എം പി സാക്ഷി മഹാരാജ്. രാജ്യത്തെ എല്ലാ സന്യാസിമാരും സമാധി സ്ഥലം വേണമെന്നാവശ്യപ്പെട്ടാൽ എത്ര സ്ഥലം വേണ്ടി വരുമെന്ന് ആലോചിച്ചു നോക്കൂവെന്ന് പറഞ്ഞുകൊണ്ടാണ് മുസ്ലീങ്ങള്‍ക്ക് കബറിന് സ്ഥലമെവിടെയെന്ന് സാക്ഷി മഹാരാജിന്‍റെ പ്രകോപനപരമായ ചോദ്യം.

ഒരു മൃതദേഹവും കുഴിച്ചിടേണ്ട, എല്ലാ ദഹിപ്പിച്ചാൽ മതിയെന്നു കൂടി ചേരുന്നതാണ് സാക്ഷി മഹാരാജിന്‍റെ തീവ്ര നിലപാട്

നേരത്തെ മീററ്റിലെ റാലിയിൽ വിവാദ പരാമര്‍ശം നടത്തിയ സാക്ഷി മഹാരാജിനെ തെരഞ്ഞെടുപ്പ് കമ്മിഷൻ ശാസിച്ചിരുന്നു. നാലു ഭാര്യമാരും നാല്‍പതു മക്കളുമെന്ന് ആശയത്തെ പിന്തുണയ്ക്കുന്നവരാണ് രാജ്യത്തെ ജനസംഖ്യാപ്പെരുപ്പത്തിന് കാരണക്കാരെന്നായിരുന്നു ബിജെപി എംപിയുടെ അന്നത്തെ പരാമര്‍ശം. ഇനി പെരുമാറ്റച്ചട്ടം ലംഘിച്ചാൽ കടുത്ത നടപടിയെന്ന തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ വിരട്ടലൊന്നും സാക്ഷി മഹാരാജ് വകവയ്ക്കുന്നില്ലെന്നതിന് തെളിവാണ് ഏറ്റവും ഒടുവിലത്തെ പ്രകോപനപരമായ വാക്കുകള്‍.