100 കിലോ കേയ്ക്കുമായി ആരാധക സംഘം
മോസ്കോ: ഈജിപ്ഷ്യന്‍ ഫുട്ബോളിലെ ഇതുവരെയുണ്ടായതില്‍ ഏറ്റവും വലിയ ഹീറോയാണ് മുഹമ്മദ് സലാ. 28 വര്‍ഷം നീണ്ട കാത്തിരിപ്പിന് ശേഷം രാജ്യത്തിന് ലോകകപ്പ് യോഗ്യത നേടി കൊടുക്കാന്‍ താരത്തിന് സാധിച്ചിരുന്നു. എന്നാല്‍, ചാമ്പ്യന്‍സ് ലീഗ് ഫെെനലിനിടയില്‍ പരിക്കേറ്റ സലയ്ക്ക് ഈജിപ്തിന്‍റെ ലോകപ്പിലെ ആദ്യ മത്സരത്തില്‍ പുറത്തിരിക്കേണ്ടി വന്നു. മികച്ച രീതിയില്‍ കളിച്ചെങ്കിലും ഗോള്‍ നേടാന്‍ ടീമിനെ സാധിക്കാതെ പോവുകയായിരുന്നു. സലയുടെ അഭാവമാണ് ഈജിപ്തിനെ തോല്‍വിയിലേക്ക് നയിച്ചത്.
ഈജിപ്ത് മത്സരത്തിനിറങ്ങിയ ദിവസം മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു, ഈജിപ്തിന്‍റെ രാജരുമാരന്‍ സലായുടെ 26-ാം പിറന്നാള്‍ ദിനം. എന്നാല്‍, ടീം തോല്‍വി രുചിച്ചതോടെ ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ദിവസമായി സലയ്ക്ക് പിറന്നാള്‍ ദിനം മാറി. പക്ഷേ, ദുഖിച്ചിരുന്ന സലായ്ക്ക് വമ്പന്‍ സ്നേഹ സമ്മാനവുമായാണ് ചെചെന്യയില്‍ നിന്നുള്ള ആരാധകര്‍ എത്തിയത്. ഗോള്‍ഡന്‍ ബൂട്ട് കൊണ്ട് അലങ്കരിച്ച 100 കിലോയുടെ കേക്ക് അവര്‍ സലായ്ക്ക് സമ്മാനിച്ചു. ടീം അംഗങ്ങളെ ആലിംഗനം ചെയ്ത സലാ പിറന്നാള്‍ കേക്ക് മുറിച്ചു. അറബിക്കിലും ഇംഗ്ലീഷിലും എല്ലാവരും ചേര്‍ന്ന് സലായ്ക്ക് ഹാപ്പി ബര്‍ത്ത്ഡേ ആശംസകളും നേര്‍ന്നു. ലിവര്‍പൂളിനായി ഈ സീണണില്‍ 44 ഗോള്‍ നേടിയ സലാ ഇപ്പോള്‍ ലോകത്ത് നിരവധി ആരാധകരുള്ള താരമാണ്. ഗ്രൂപ്പിലെ ഇനിയുള്ള രണ്ടു മത്സരങ്ങളിലും സലാ കളിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.
