കഴിഞ്ഞ ജൂലൈ എട്ടിന് രാത്രി ഒന്‍പതിനാണ് കട പൂട്ടി അറത്തിപ്പറമ്പിലേക്ക് വീട്ടിലേക്ക് പോകവെ മുഖംമൂടി ധരിച്ചെത്തിയ ഒരു സംഘം കൃഷ്ണനെ ആക്രമിച്ചത്
കണ്ണൂര്‍: ബാര്‍ബര്‍ഷോപ്പ് ഉടമയെ ക്വട്ടേഷന്‍ കൊടുത്ത മറ്റൊരു ബാര്‍ബര്‍ഷോപ്പ് ഉടമയും കൂട്ടാളികളും പിടിയില്‍. കണ്ണൂര്‍ പരിയാരത്താണ് സംഭവം അരങ്ങേറിയത്. ഏഴിലോട് അറത്തിപ്പറമ്പ് സ്വദേശിയും പെരളത്തെ ബാര്‍ബര്‍ഷാപ്പ് ഉടമയുമായ ഗണപതിച്ചാല്‍ കൃഷ്ണന്‍ എന്ന അറുപതുകാരനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത്.
സംഭവത്തില്‍ പോലീസ് പറയുന്നത് ഇങ്ങനെ, കഴിഞ്ഞ ജൂലൈ എട്ടിന് രാത്രി ഒന്‍പതിനാണ് കട പൂട്ടി അറത്തിപ്പറമ്പിലേക്ക് വീട്ടിലേക്ക് പോകവെ മുഖംമൂടി ധരിച്ചെത്തിയ ഒരു സംഘം കൃഷ്ണനെ ആക്രമിച്ചത്. തലയ്ക്ക് മാരകമായി പരിക്കേറ്റ് അബോധാവസ്ഥയിലായ കൃഷ്ണനെ നാട്ടുകാരാണ് പരിയാരം മെഡിക്കല്‍ കോളജിലെത്തിച്ചത്.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രിന്‍സിപ്പല്‍ എസ്ഐ വി.ആര്‍.വിനീഷ്, അഡീഷണല്‍ എസ്ഐ സി.ജി.സാംസണ്‍, സിപിഒ കെ.നാരായണന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിന് ഒടുവില്‍ പെരളത്തെ ബാര്‍ബര്‍ഷാപ്പുടമ നെല്ലിവളപ്പില്‍ എന്‍.വി. വിനോദ് (40), ബന്ധുവായ അജാന്നൂര്‍ പുല്ലൂരിലെ വെള്ളനാട് ഹൗസില്‍ സുനില്‍കുമാര്‍ (32), ക്വട്ടേഷന്‍ സംഘാംഗം അജാന്നൂരിലെ എം.അനില്‍കുമാര്‍ (38) എന്നിവര്‍ പിടിയിലായി.
പിന്നീട് ഇവരെ ചോദ്യം ചെയ്തപ്പോള്‍ സംഭവത്തിന്‍റെ ചുരുളഴിഞ്ഞു,2012 ലാണ് ഗള്‍ഫില്‍ നിന്നും കൃഷ്ണന്‍ പെരളത്ത് ഫ്രെഷ് ഹെയര്‍ ഡ്രെസസ് എന്ന പേരില്‍ ബാര്‍ബര്‍ ഷോപ്പ് ആരംഭിച്ചത്. ഞായറാഴ്ച്ച തുറക്കുകയും യൂണിയന്‍ നിര്‍ദ്ദേശിച്ച കൂലിയില്‍ നിന്നും കുറച്ച് മാത്രം ഈടാക്കുകയും ചെയ്തതോടെ തൊട്ടടുത്ത് ഗ്ലാമര്‍ സലൂണ്‍ നടത്തുന്ന വിനോദ് യൂണിയനില്‍ പരാതി നല്‍കുകയും യൂണിയന്‍ നേതാക്കളെത്തി ഞായറാഴ്ച്ച അടക്കണമെന്നും ചാര്‍ജ് കൂട്ടണമെന്നും ആവശ്യപ്പെട്ടു.
എന്നാല്‍ തന്റേത് സാധാരണ ഷോപ്പായതിനാലും പ്രായമായവര്‍ മാത്രം വരികയും ചെയ്യുന്നതിനാല്‍ കൂടുതല്‍ ചാര്‍ജ് വാങ്ങില്ലെന്നും നിരവധി ബാര്‍ബര്‍ഷോപ്പുകള്‍ ഞായറാഴ്ച്ച തുറക്കുന്നുണ്ടെന്നും അവയൊക്കെ പൂട്ടിയാല്‍ ഞാനും പൂട്ടാമെന്നും കൃഷ്ണന്‍ യൂണിയന്‍ നേതൃത്വത്തെ അറിയിച്ചു. വെല്ലുവിളിയും ഭീഷണിയും മുഴക്കിയാണ് അവര്‍ പോയതെങ്കിലും കൃഷ്ണന്‍ പഴയരീതി തുടര്‍ന്നു. ഇതോടെയാണ് ബന്ധുവായ സുനില്‍കുമാര്‍ മുഖേന കൃഷ്ണനെ വധിക്കാന്‍ ക്വട്ടേഷന്‍ സംഘാംഗവും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ അനില്‍കുമാറിന് വിനോദ് ക്വട്ടേഷന്‍ നല്‍കിയത്.
ഒന്നരലക്ഷം രൂപയ്ക്ക് എം.അനില്‍കുമാര്‍ ആണ് ക്വട്ടേഷന്‍ ഏറ്റെടുത്തത്. രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടുവെങ്കിലും ചര്‍ച്ചകളിലൂടെ ഒന്നരലക്ഷമാക്കി കുറയ്ക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ അറസ്റ്റിലായ ക്വട്ടേഷന്‍ സംഘാംഗം ഉള്‍പ്പെടെ മൂന്ന് പേര്‍ കഴിഞ്ഞ ദിവസംറിമാന്‍ഡിലായി.
